1,138,000 ദിര്‍ഹം പിഴ വരുത്തിയ ഇന്ത്യന്‍ ഡ്രൈവറെ പ്രോസിക്യൂഷന് കൈമാറി

Posted on: July 27, 2019 12:09 am | Last updated: July 27, 2019 at 12:09 am

ഷാര്‍ജ: ഒരു വര്‍ഷത്തിനുള്ളില്‍ 106 ഗതാഗത നിയമ ലംഘനങ്ങളിലൂടെ 1,138,000 ദിര്‍ഹം പിഴ വരുത്തിയ ഏഷ്യന്‍ ഡ്രൈവറെ ഷാര്‍ജ പോലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഒരു വര്‍ഷത്തിനുള്ളില്‍ നൂറിലധികം കുറ്റകൃത്യങ്ങള്‍ നടത്തിയ പ്രതിയെ ഷാര്‍ജ പോലീസ് ട്രാഫിക് ഇന്‍സ്പെക്ഷന്‍ ടീം പിടികൂടുകയായിരുന്നുവെന്ന് വാസിത് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ലഫ് കേണല്‍ മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ ബിന്‍ ഖഅസ്മുല്‍ പറഞ്ഞു.

അനധികൃതമായി ടാക്‌സി സേവനം നടത്തിയതിന് അജ്‌നദ് പട്രോള്‍ സംഘമാണ് ഇയാളെ പിടികൂടിയത്. യാത്രക്കാരെ കൊണ്ടുപോകുന്നതിന് ഷാര്‍ജ ട്രാന്‍സ്പോര്‍ട് അതോറിറ്റിയുടെ ലൈസന്‍സ് ഇല്ലാതെയാണ് ഇയാള്‍ വാഹനമോടിച്ചിരുന്നതെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 16നാണ് ആദ്യമായി ഡ്രൈവറെ അനധികൃതമായി ടാക്‌സി പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടതിന് പിടികൂടിയത്. വീണ്ടും കഴിഞ്ഞ ദിവസം ഇയാളെ പിടികൂടുമ്പോള്‍ 106 ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കുകയും മറ്റുള്ളവരുടെ ജീവനും സ്വത്തിനും അപകടകരമാകുന്ന രീതിയിലുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ നടത്താതിരിക്കുകയും ചെയ്യാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം. സ്വരക്ഷക്കും മറ്റുള്ളവരുടെ ജീവനും അപകടമുണ്ടാകാതിരിക്കാനാണ് മുന്‍കരുതലുകളെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.