സഊദി-യുഎസ് സംയുക്ത സൈനിക പരിശീലനം സമാപിച്ചു

Posted on: July 26, 2019 11:09 pm | Last updated: July 26, 2019 at 11:12 pm

റിയാദ്: സഊദി അറേബ്യ-യു എസ് സംയുക്ത സൈനിക പരിശീലനം സമാപിച്ചു. ‘ഇന്‍തൂസീയാസ്റ്റിക് ലീഡര്‍’ എന്ന പേരില്‍ സഊദിയിലെ കിംഗ് ഖാലിദ് മിലിട്ടറി സിറ്റിയിലാണ് രണ്ടാഴ്ചയായി നീണ്ടുനിന്ന സൈനിക പരിശീലനം നടന്നത്. സഊദി റോയല്‍ ലാന്‍ഡ് ഫോഴ്സ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ഫഹദ് ബിന്‍ അബ്ദുല്ല അല്‍ മുത്തൈരി, യു എസ് ആര്‍മി സെന്‍ട്രല്‍ കമാന്‍ഡ് ലെഫ്റ്റനന്റ് ജനറല്‍ ടെറി ഫെറല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സൈനിക നടപടിയുടെയും സഹകരണത്തിന്റെയും അനുയോജ്യത വര്‍ധിപ്പിക്കുക, അനുഭവങ്ങളും ആശയങ്ങളും പരസ്പരം കൈമാറുക, പോരാട്ട തയ്യാറെടുപ്പ് ഉയര്‍ത്തുക തുടങ്ങിയവയായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യമെന്ന് ലഫ്റ്റനന്റ് ജനറല്‍ അല്‍ മുതൈരി പറഞ്ഞു. വര്‍ഷങ്ങളായി സഊദിയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന സൈനിക സൗഹൃദത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു പരിശീലനമെന്ന് യു എസ് ആര്‍മി സെന്‍ട്രല്‍ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ടെറി ഫെറലും അഭിപ്രായപ്പെട്ടു