Connect with us

Articles

കര്‍ണാടകയില്‍ തോറ്റമ്പി; ജനാധിപത്യം പുറത്തേക്ക്

Published

|

Last Updated

കുമാര സ്വാമി വിശ്വാസ വോട്ടെടുപ്പിനിടെ

കര്‍ണാടകയും കോണ്‍ഗ്രസിന് നഷ്ടമായിരിക്കുന്നു. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന ബി ജെ പി, ഒരു രാജ്യം ഒറ്റ പാര്‍ട്ടി എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്നതിന്റെ അശുഭകരമായ സൂചനയാണ് കര്‍ണാടകയിലെ സഖ്യസര്‍ക്കാറിന്റെ പതനം. പല സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ദേശീയ തലത്തില്‍ നാഥനില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. ഇതിനിടയിലാണ് കര്‍ണാടകയില്‍ നിന്നുണ്ടായ തിരിച്ചടി.

മതനിരപേക്ഷതക്കും മതേതര ചേരിയുടെ ഐക്യത്തിനും സംഭവിച്ച ശൈഥില്യമാണ് സമീപകാല തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി നേടിക്കൊണ്ടിരിക്കുന്ന ഓരോ വിജയത്തിനു പിന്നിലും. കോണ്‍ഗ്രസ് ഭരണത്തില്‍ പങ്കാളിയായിട്ടുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കര്‍ണാടക. അവിടെയാണ് ബി ജെ പി നടത്തിയ കുതിരക്കച്ചവടത്തിലൂടെ സഖ്യസര്‍ക്കാറിന് ഭരണം നഷ്ടമായിരിക്കുന്നത്. കര്‍ണാടകയും കോണ്‍ഗ്രസിനെ ൈകവിട്ടതോടെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മോദിയുടെയും ബി ജെ പിയുടെയും സ്വപ്‌നം വിദൂരമല്ലാത്ത ഭാവിയില്‍ തന്നെ പൂവണിയുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. പുതുച്ചേരി അടക്കം രാജ്യത്ത് ഇനി അഞ്ചിടത്താണ് കോണ്‍ഗ്രസിന് സര്‍ക്കാറുള്ളത്. പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവയാണവ. കര്‍ണാടക മോഡലില്‍ ഇവിടങ്ങളിലും ഭരണം പിടിക്കാനാണ് ബി ജെ പിയുടെ അടുത്ത നീക്കം. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് അടിയന്തരാവസ്ഥക്ക് പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. അന്ന് ഉറച്ച കോട്ടയായ റായ്ബറേലിയില്‍ പോലും കോണ്‍ഗ്രസ് വീണു. അന്നത്തേതിന് സമാനമായ ദുരന്തത്തിലൂടെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് കടന്ന് പോകുന്നത്. ഒരുപക്ഷേ, അതിലും ദയനീയാവസ്ഥ എന്നും വേണമെങ്കില്‍ പറയാം.

കോടികള്‍ ഒഴുക്കിയുള്ള കുതിരക്കച്ചവടത്തിലൂടെയാണ് കര്‍ണാടക ഭരണം ബി ജെ പി പിടിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തുടങ്ങിയതാണ് ബി ജെ പിയുടെ കുതിരക്കച്ചവട നീക്കം.

ദേശീയ തലത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിച്ചിരുന്ന ബി ജെ പി വിരുദ്ധ വിശാല പ്രതിപക്ഷ ഐക്യത്തിന്റെ കാഹളമായിരുന്നു വിധാന്‍സൗധയുടെ കല്‍പ്പടവുകളില്‍ നടന്ന സഖ്യസര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഴങ്ങിക്കേട്ടത്. അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ബി എസ് പി നേതാവ് മായാവതി, എസ് പി നേതാവ് അഖിലേഷ് യാദവ്, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ്, ശരത് പവാര്‍ തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി ചടങ്ങ്. കര്‍ണാടകയില്‍ ജന്മംകൊണ്ട വിശാല പ്രതിപക്ഷ മതേതര സഖ്യം രാജ്യവ്യാപകമാക്കാന്‍ പിന്നീട് ചര്‍ച്ചകള്‍ സജീവമായെങ്കിലും ലക്ഷ്യപ്രാപ്തി കൈവരിച്ചില്ല.

കുമാര സ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാറില്‍ 25 മന്ത്രിമാരാണ് തുടക്കത്തിലുണ്ടായിരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് 14 പേരും ജെ ഡി എസില്‍ നിന്ന് ഒമ്പത് പേരും. ഇവരെ കൂടാതെ ഒരു ബി എസ് പി അംഗവും സ്വതന്ത്രാംഗവും മന്ത്രിസഭയിലുണ്ടായിരുന്നു.

കുമാര സ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് മുതല്‍ തുടങ്ങിയതാണ് സ്വന്തം പാളയത്തിനകത്ത് നിന്ന് തന്നെയുള്ള ഭരണത്തെ അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍. മറുഭാഗത്ത് സഖ്യസര്‍ക്കാറിനെ തകര്‍ക്കാന്‍ ബി ജെ പി നടത്തുന്ന നീക്കങ്ങളും. മന്ത്രിസ്ഥാനം കിട്ടാത്തവരാണ് സര്‍ക്കാറിനെതിരെ കലാപക്കൊടി ഉയര്‍ത്തി രംഗത്ത് വന്നത്. 34 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് ആറും ജനതാദള്‍-എസിന് ഒന്നും മന്ത്രിസ്ഥാനങ്ങള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ആറ് മന്ത്രിസ്ഥാനങ്ങള്‍ക്ക് ഒരു ഡസനോളം പേര്‍.

മന്ത്രിപദവി കിട്ടാത്ത ബെല്ലാരിയിലെ രമേശ് ജാര്‍ക്കിഹോളിയാണ് സഖ്യ സര്‍ക്കാറിനെതിരെ കലാപത്തിന് മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചത്. സഖ്യസര്‍ക്കാറില്‍ അതൃപ്തരായ എം എല്‍ എമാരെ കൂട്ടി രമേശ് വിമത പ്രവര്‍ത്തനം ശക്തമാക്കുന്ന കാഴ്ചയാണ് പിന്നീടുള്ള ദിവസങ്ങളില്‍ കണ്ടത്. അതിന്റെ അനന്തര ഫലമാണ് ഇപ്പോള്‍ കുമാരസ്വാമി സര്‍ക്കാറിന്റെ ദാരുണമായ പതനം. രമേശ് ജാര്‍ക്കിഹോളിയെയും കൂട്ടരെയും നോട്ടമിട്ടായിരുന്നു ബി ജെ പിയുടെ കുതിരക്കച്ചവട നീക്കങ്ങള്‍. രമേശും സതീഷും ബി ജെ പിയിലേക്ക് വന്നാല്‍ ഇവരെ പിന്തുണക്കുന്ന പതിനഞ്ചിലധികം എം എല്‍ എമാരെ കൂറുമാറ്റി ബി ജെ പിയില്‍ ചേര്‍ക്കാനായിരുന്നു യെദ്യൂരപ്പയുടെ പദ്ധതി. എന്നാല്‍ സതീഷ് ജാര്‍ക്കിഹോളി വിമത പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാതെ സര്‍ക്കാറിനൊപ്പം നിന്നു. തുടക്കത്തില്‍ മന്ത്രിസഭാംഗമായിട്ടും മന്ത്രിസഭാ യോഗങ്ങളില്‍ പങ്കെടുക്കാതെ സര്‍ക്കാറിനെതിരെ ശബ്ദിക്കാനാണ് രമേശ് ജാര്‍ക്കിഹോളി തയ്യാറായത്. മന്ത്രിസഭയില്‍ ഇരുന്ന് കൊണ്ടാണ് മന്ത്രിമാരായ എം ടി ബി നാഗരാജും ആര്‍ ശങ്കറും എച്ച് നാഗേഷും ബി ജെ പി കാണിച്ച പണച്ചാക്കുകള്‍ കൈപ്പിടിയിലൊതുക്കാന്‍ മറുകണ്ടം ചാടിയത്. ജനതാദള്‍- എസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം കൈയാളിയിരുന്ന എച്ച് വിശ്വനാഥാണ് മറുകണ്ടം ചാടിയ മറ്റൊരു പ്രമുഖന്‍. പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനെ പാര്‍ട്ടി പതാക നല്‍കി സ്വീകരിച്ചയുടന്‍ വിശ്വനാഥ് എം എല്‍ എ സ്ഥാനം രാജിവെച്ച് ബി ജെ പി കൂടാരത്തിലേക്ക് ചേക്കേറി.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ ഉരുണ്ടുകൂടിയ ഭിന്നതകള്‍ പിന്നീട് പൂര്‍വാധികം രൂക്ഷമാകുന്നതാണ് കണ്ടത്. സഖ്യത്തിനെതിരെ ഒരു വേള സിദ്ധരാമയ്യ തന്നെ രംഗത്ത് വന്നു. കോണ്‍ഗ്രസും ജെ ഡി എസും ചേരിതിരിഞ്ഞ് സഖ്യത്തെ ഇല്ലാതാക്കുന്ന ചെയ്തികളാണ് ലോക്‌സഭാ പ്രചാരണത്തിനിടെ സംഭവിച്ചത്. കോണ്‍ഗ്രസിനും ജെ ഡി എസിനും അവരുടെ കോട്ടകളില്‍ പരാജയമേറ്റുവാങ്ങേണ്ടി വന്നത് ഇതിന്റെ തിക്തഫലങ്ങളിലൊന്നാണ്.

സഖ്യ കക്ഷി ഭരണത്തിന് കര്‍ണാടക വളക്കൂറില്ലാത്ത മണ്ണാണെന്ന് കുമാരസ്വാമി സര്‍ക്കാറിന്റെ പതനത്തിലൂടെ ഒന്നുകൂടി ദേശീയ രാഷ്ട്രീയത്തിന് ബോധ്യപ്പെട്ടിരിക്കുന്നു. 2006ല്‍ ആദ്യമായി കര്‍ണാടക മുഖ്യമന്ത്രി പദത്തിലെത്തിയ കുമാര സ്വാമി അധികാരത്തില്‍ തുടര്‍ന്നത് 20 മാസം മാത്രമാണ്. രണ്ടാമത്തെ തവണ 14 മാസമാകുമ്പോഴേക്കും സര്‍ക്കാര്‍ നിലം പതിച്ചു.

2006ല്‍ കുമാരസ്വാമിയെ ഗവര്‍ണര്‍ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചു. ബി ജെ പിയുടെ പിന്തുണയോടെയാണ് അന്ന് കുമാര സ്വാമി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ആദ്യത്തെ 20 മാസം മുഖ്യമന്ത്രി പദം കുമാര സ്വാമിക്കും അടുത്ത 20 മാസം ബി ജെ പിക്കും എന്നായിരുന്നു കരാര്‍. ഇത് പ്രകാരം കുമാര സ്വാമി മുഖ്യമന്ത്രിയായും യെദ്യൂരപ്പ ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. എന്നാല്‍ 2007 ഒക്ടോബറില്‍ സര്‍ക്കാര്‍ താഴെ വീണു. 20 മാസം മുഖ്യമന്ത്രിയായിരുന്ന ശേഷം കുമാര സ്വാമി കാല് മാറിയതാണ് കാരണം. മുഖ്യമന്ത്രി പദത്തെ ചൊല്ലി യെദ്യൂരപ്പയുമായുള്ള തര്‍ക്കം ഒടുവില്‍ സര്‍ക്കാറിന്റെ പതനത്തില്‍ കലാശിച്ചു.

കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യസര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ചരിത്രത്തില്‍ ഇന്ന് വരെയില്ലാത്ത ഒട്ടേറെ നാടകീയ രംഗങ്ങള്‍ക്കാണ് കര്‍ണാടക നിയമസഭ സാക്ഷ്യം വഹിച്ചത്. ഒടുവില്‍ കര്‍ണാടക ഭരണം, സുപ്രീംകോടതി വരെയെത്തുന്നതും നാം കണ്ടു. ദിവസങ്ങളോളം നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് അന്ത്യമായതും വിശ്വാസം തെളിയിക്കാന്‍ കഴിയാതെ മുഖ്യമ്രന്തി സ്ഥാനത്ത് നിന്ന് കുമാര സ്വാമിക്ക് പടിയിറങ്ങേണ്ടി വന്നതും. ബി ജെ പിയുടെ കുതിരക്കച്ചവടങ്ങളില്‍ ജനാധിപത്യം നിഷ്പ്രഭമായിത്തീരുന്ന ദയനീയ കാഴ്ചയാണ് ഇതിലൂടെ ഇന്ത്യന്‍ ജനത കണ്ടത്.