Connect with us

Kerala

പോലീസിനെ നിയന്ത്രിക്കുന്നതില്‍ പിണറായി പരാജയപ്പെട്ടു; ഭരിക്കാനറിയില്ലെങ്കില്‍ രാജിവച്ചു പോകണം: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: പോലീസിന് മേലുള്ള എല്ലാ നിയന്ത്രണങ്ങളും പിണറായി വിജയന് നഷ്ടപ്പെട്ടിരിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂനിവേഴ്സിറ്റി കോളജ് പ്രശ്നം, പി എസ് സി പരീക്ഷാ ക്രമക്കേടുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാറിനെതിരെ യു ഡി എഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂനിവേഴ്‌സിറ്റി കോളജ്, പി എസ് സി വിഷയങ്ങളിലെ അന്വേഷണം അട്ടിമറിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന പിണറായി വിജയന്‍ ഭരിക്കാനറിയില്ലെങ്കില്‍ രാജിവച്ചു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെറ്റു തിരുത്തുകയല്ല, ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് എ ഐ സി സി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി ആരോപിച്ചു. സി പി ഐ. എം എല്‍ എമാരെ ഉള്‍പ്പടെ പോലീസ് ക്രൂരമായി മര്‍ദിച്ചത് ഇതിന്റെ തെളിവാണ്.

ഉപരോധം നഗരത്തില്‍ ഗതാഗതക്കുരുക്കിനിടയാക്കി. സ്‌കൂള്‍ വിദ്യാര്‍ഥികളും ഓഫീസ് ജീവനക്കാരുമെല്ലാം വഴിയില്‍ കുടുങ്ങി. മുഖ്യമന്ത്രിമാരെയും മറ്റു മന്ത്രിമാരെയും സമരക്കാര്‍ തടയാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പോലീസ് നടത്തിയ കര്‍ശന നിയന്ത്രണവും വാഹന പരിശോധനയും ഗതാഗത സ്തംഭനത്തിന് കാരണമായി. സെക്രട്ടേറിയറ്റിന്റെ മൂന്നു ഗേറ്റുകളും സമരക്കാര്‍ ഉപരോധിച്ചതിനാല്‍ കന്റോണ്‍മെന്റ് ഗേറ്റിലൂടെ മാത്രമാണ് ജീവനക്കാര്‍ സെക്രട്ടേറിയറ്റിനകത്ത് പ്രവേശിച്ചത്.