Connect with us

National

കര്‍ണാടക: ബി ജെ പി പ്രതിനിധികള്‍ ദേശീയ നേതാക്കളെ കണ്ടു; അന്തിമ തീരുമാനം പാര്‍ലിമെന്ററി ബോര്‍ഡ് യോഗത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ ഡി എസ് സര്‍ക്കാര്‍ നിലംപതിച്ച പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നത് ഉള്‍പ്പടെയുള്ള ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് സംസ്ഥാനത്തു നിന്നുള്ള ബി ജെ പി പ്രതിനിധികള്‍ ഡല്‍ഹിയിലെത്തി. ജഗദീഷ് ഷെട്ടാര്‍, ബസവരാജ് ബൊമ്മൈ, അരവിന്ദ് ലിംബാവാലി എന്നിവരടങ്ങിയ പ്രതിനിധി സംഘം ആഭ്യന്തര മന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ അമിത് ഷായുമായും പ്രവര്‍ത്തക സമിതി അധ്യക്ഷന്‍ ജെ പി നദ്ദയുമായും ആദ്യ ഘട്ട ചര്‍ച്ച നടത്തി.

ഉച്ചക്കു ശേഷം മൂന്നിന് രണ്ടാം ഘട്ട ചര്‍ച്ച നടക്കും. ചര്‍ച്ചകള്‍ക്കു ശേഷം നടക്കുന്ന പാര്‍ലിമെന്ററി പാര്‍ട്ടി ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. ജൂലൈ 23ന് നടന്ന വിശ്വാസ വോട്ടെടുപ്പിലാണ് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ പരാജയപ്പെട്ടത്. കര്‍ണാടകയിലെ സംഭവ വികാസങ്ങള്‍, സാഹചര്യങ്ങള്‍ തുടങ്ങിയവ പാര്‍ട്ടി നേതൃത്വത്തെ ധരിപ്പിക്കുന്നതിനാണ് ഇവിടെയെത്തിയിട്ടുള്ളതെന്ന്‌ ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു.

കര്‍ണാടകയിലെ സ്ഥിതിഗതികള്‍ നിങ്ങള്‍ക്കറിയാമല്ലോ. പുതിയ സര്‍ക്കാര്‍ വരേണ്ടതുണ്ട്. മുന്‍ സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെടുകയും അധികാരത്തില്‍ നിന്ന് താഴെയിറങ്ങുകയും ചെയ്തു. ഭാവി നടപടികള്‍ എന്തായിരിക്കണമെന്ന് ദേശീയ നേതാക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും- പാര്‍ട്ടിയുടെ മറ്റൊരു നേതാവ് അരവിന്ദ് ലിംബാവാലി മാധ്യമ പ്രവര്‍ത്തകരോടു വ്യക്തമാക്കി.

വിമത എം എല്‍ എമാരുടെ രാജിക്കാര്യത്തില്‍ ഔദ്യാഗിക തീരുമാനമൊന്നും വന്നിട്ടില്ലാത്തിനാലാണോ ബി ജെ പി കാത്തിരിക്കുന്നതെന്ന ചോദ്യത്തിന് പല വിഷയങ്ങളില്‍ ഒന്നു മാത്രമാണെന്നതായിരുന്നു ലിംബാവാലിയുടെ മറുപടി. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെയും ദേശീയ നേതാക്കളുടെയും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു നീക്കുമെന്ന് അദ്ദേഹം പറഞ്ഞു.