കോട്ടയം ജില്ലാ പഞ്ചായത്ത്: ധാരണയായി, ആദ്യ ഘട്ടത്തില്‍ ജോസ് കെ മാണി വിഭാഗം പ്രതിനിധി പ്രസിഡന്റാകും

Posted on: July 25, 2019 10:08 am | Last updated: July 25, 2019 at 1:31 pm

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഷയത്തില്‍ യു ഡി എഫ് നിര്‍ദേശം പി ജെ ജോസഫ് വിഭാഗം അംഗീകരിച്ചു. ആദ്യ ഘട്ടത്തില്‍ ജോസ് കെ മാണി വിഭാഗം പ്രതിനിധി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രസിഡന്റാകും. ഇതു പ്രകാരം ജോസഫ് വിഭാഗം സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. ജോസ് കെ മാണിയുടെ സ്ഥാനാര്‍ഥിക്ക് ജോസഫ് വിഭാഗം വോട്ടു ചെയ്യുമെന്നാണ് വിവരം. ആദ്യത്തെ എട്ടു മാസമാണ് സെബാസ്റ്റ്യന്‍ പ്രസിഡന്റ് പദവി വഹിക്കുക. ബാക്കിയുള്ള ആറു മാസം ജോസഫ് വിഭാഗത്തിന്റെ പ്രതിനിധി പ്രസിഡന്റാകും.

നേരത്തെ യു ഡി എഫ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണ ഉരുത്തിരിഞ്ഞത്. ഇന്ന് രാവിലെ 11നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബുധനാഴ്ച നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് യു ഡി എഫ് അംഗങ്ങള്‍ വിട്ടുനിന്നതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്നത്തെ തിരഞ്ഞെടുപ്പിന് ക്വാറം ബാധകമായിരിക്കില്ലെന്നാണ് വിവരം.

ഭരണത്തിന്റെ അവസാന വര്‍ഷം പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിനു നല്‍കാന്‍ കോണ്‍ഗ്രസ് പ്രതിനിധി രാജിവെക്കുകയായിരുന്നു. എന്നാല്‍, ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ പ്രത്യേകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു.