ഹജ്ജ്: കിസ്വയുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി, ദുല്‍ഹിജ്ജ ഒന്‍പതിന് വിശുദ്ധ കഅ്ബയെ കിസ്വ അണിയിക്കും

Posted on: July 24, 2019 11:11 pm | Last updated: July 24, 2019 at 11:12 pm

മക്ക: മക്കയിലെ ഉമ്മുജൂദ് കിസ്വ നിര്‍മാണ ഫാക്ടറിയില്‍ നിര്‍മിച്ച കിസ്വയുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. ഹജ്ജ് കര്‍മത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഹാജിമാര്‍ അറഫ താഴ്‌വരയില്‍ സംഗമിക്കുന്ന അറഫാ ദിനത്തിലാണ് വിശുദ്ധ കഅ്ബയെ പുതിയ കിസ്വ അണിയിക്കുക. മക്കയിലെ ഉമ്മുല്‍ജൂദിലെ കിസ്വ നിര്‍മാണ ഫാക്ടറിയില്‍ വിദഗ്ധ നെയ്ത്തുകാര്‍ ഒരുവര്‍ഷത്തോളം നീണ്ട പ്രയത്‌നത്തിലൂടെയാണ് കിസ്വയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

മുന്തിയ ഇനം പട്ടിലാണ് 14 മീറ്റര്‍ ഉയരമുള്ള കിസ്വയുടെ കിസ്വ നിര്‍മിച്ചിരിക്കുന്നത്. സ്വര്‍ണ ലിപിയില്‍ അറബിക് കാലിഗ്രഫിയും, വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങളുമാണ് കിസ്വയില്‍ ആലേഖനം ചെയ്തിരിക്കുന്നത്. പുതിയ കിസ്വ മാറ്റിയാല്‍ പഴയ കിസ്വ ഭാഗങ്ങള്‍ അറബി രാജ്യങ്ങള്‍ക്കും പ്രമുഖ വ്യക്തികള്‍ക്കും അയച്ചുകൊടുക്കും. പുതിയ കിസ്വ അണിയിച്ച ശേഷം ഹജ്ജ് ചടങ്ങുകള്‍ അവസാനിക്കുന്നത് വരെ കിസ്വ ഉയര്‍ത്തിക്കെട്ടും. ഹജ്ജിനെത്തുന്ന തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചതോടെ കിസ്വക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനുമാണ് ഉയര്‍ത്തിക്കെട്ടുന്നത്.