രാജ്യത്ത് 23 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നു; പട്ടിക പുറത്തിറക്കി യു ജി സി

Posted on: July 24, 2019 10:08 pm | Last updated: July 25, 2019 at 10:12 am

ന്യൂഡല്‍ഹി: രാജ്യത്ത് 23 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതായി വ്യക്തമാക്കുന്ന പട്ടിക യു ജി സി പുറത്തിറക്കി. കേരളത്തിലെ സെന്റ് ജോണ്‍സ് യൂനിവേഴ്‌സിറ്റി, കിഷനറ്റം, കേരള എന്ന വിലാസത്തിലുള്ള സര്‍വകലാശാലയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡല്‍ഹി-ഏഴ്, യു പി-എട്ട്, പശ്ചിമ ബംഗാള്‍, ഒഡീഷ-രണ്ടു വീതം, മഹാരാഷ്ട്ര, കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളില്‍ ഓരോന്നു വീതം എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്.

പത്ത് വര്‍ഷത്തിലധികമായി കേരളീയര്‍ക്ക് അജ്ഞാതമായ സെന്റ് ജോണ്‍സ് കിഷനറ്റം സര്‍വകലാശാല യു ജി സി പട്ടികയില്‍ ഇടം പിടിക്കുന്നുണ്ട്. കിഷനറ്റം എന്നൊരു സ്ഥലത്തെ കുറിച്ചും മലയാളികള്‍ക്ക് അറിയില്ല. എന്നാല്‍, ഇങ്ങനെയൊരു സര്‍വകലാശാല കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും തന്നെയാണ് യു ജി സി പറയുന്നത്.

കര്‍ണാടകയിലെ ബെല്‍ഗാമിലുള്ള ബദഗന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂനിവേഴ്‌സിറ്റി എജ്യുക്കേഷന്‍ സൊസൈറ്റി, മഹാരാഷ്ട്രയില്‍ നാഗ്പൂരിലെ രാജാ അറബിക് സര്‍വകലാശാല എന്നിവയും വര്‍ഷങ്ങളായി യു ജി സിയുടെ വ്യാജ സര്‍വകലാശാല പട്ടികയിലുണ്ട്.