മധ്യപ്രദേശില്‍ ബി ജെ പിക്ക് തിരിച്ചടി; സര്‍ക്കാറിന് അനുകൂലമായി രണ്ട് പാര്‍ട്ടി എം എല്‍ എമാരുടെ വോട്ട്

Posted on: July 24, 2019 7:13 pm | Last updated: July 25, 2019 at 9:50 am

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭയില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന് അനുകൂലമായി രണ്ട് ബി ജെ പി എം എല്‍ എമാര്‍ വോട്ട് ചെയ്തു. ബി ജെ പിയുടെ നാരായണ്‍ ത്രിപാഠി, ശരത് കോള്‍ എന്നീ എം എല്‍ എമാരാണ് സര്‍ക്കാറിനെ അനുകൂലിച്ചത്. ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ പാസാക്കുന്നതിനിടെയാണ് എം എല്‍ എമാര്‍ സര്‍ക്കാറിനെ പിന്തുണച്ച് വോട്ട് ചെയ്തത്.

ബി ജെ പിയിലെ നമ്പര്‍ വണ്ണും ടൂവും അനുമതി നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ മധ്യപ്രദേശിലെ സര്‍ക്കാറിനെയും വീഴ്്ത്തുമെന്ന് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ പറഞ്ഞതിനു പിന്നാലെയാണ് ബി ജെ പിക്കു തിരിച്ചടി നല്‍കിക്കൊണ്ടുള്ള പുതിയ സംഭവം. കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷമായെന്ന് പറഞ്ഞു കൊണ്ടേയിരിക്കുകയാണ് ബി ജെ പിയെന്നും എന്നാല്‍, ഇന്ന് അവരുടെ രണ്ട് എം എല്‍ എമാര്‍ സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്തിരിക്കുകയാണെന്നും മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു.

അതിനിടെ, തന്റെ വീട്ടിലേക്കുള്ള മടങ്ങിപ്പോക്കാണ് (ഘര്‍ വാപ്പസി) ഇതെന്ന് ത്രിപാഠി പറഞ്ഞതായി ഒരു പ്രമുഖ ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് എം എല്‍ എയായിരുന്ന ത്രിപാഠി 2014ല്‍ ബി ജെ പിയില്‍ ചേരുകയായിരുന്നു.