Connect with us

National

വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ അനുമതി നല്‍കുന്ന യുഎപിഎ ഭേദഗതി ലോക്‌സഭ പാസ്സാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ ഭരണകൂടത്തിന് അനുമതി നല്‍കുന്ന യുഎപിഎ ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി. പ്രതിപക്ഷ കക്ഷികളുടെ എതിർപ്പിനിടെ ഒന്‍പതിനെതിരെ 284 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്. ബിൽ സ്റ്റാൻഡി‌ഗ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതിനെ തുടർന്ന് പ്രതിപക്ഷ കക്ഷികൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഈ സമയത്താണ് ലോക്സഭാ സ്പീക്കർ ഓം ബിർള ബിൽ വോട്ടിനിട്ടത്.

വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ അനുമതി നല്‍കുന്ന നിയമം അനിവാര്യമാണെന്ന് ബില്‍ അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞഉ. യുഎന്നിലും അമേരിക്കയിലും പാക്കിസ്ഥാനിലും ചൈനയിലും ഇസ്‌റാഈലിലും യൂറോപ്യന്‍ രാജ്യങ്ങളിലും എല്ലാം ഇത്തരത്തിലുള്ള നിയമം നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകര സംഘടനകളെ നിരോധിച്ചാല്‍ ഭീകരര്‍ക്ക് മറ്റൊരു സംഘടന രൂപീകരിക്കാന്‍ എളുപ്പത്തില്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അതേസമയം, യുഎപിഎ ഭേദഗതി ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണെന്ന് തൃണമൂല്‍ അംഗം മെഹുവ മൊയ്ത്ര ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന് ആരെയെങ്കിലും ടാര്‍ജറ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ ഈ നിയമം അതിന് ഉപയോഗിക്കാന്‍ കഴിയും. ഗവണ്‍മെന്റിന്റെ നടപടികളോട് വിയോജിക്കുന്ന പ്രതിപക്ഷ നേതാക്കളെയും ന്യൂനപക്ഷങ്ങളെയും ആക്ടിവിസ്റ്റുകളെയും എല്ലാം ഇത്തരത്തില്‍ ടാര്‍ജറ്റ് ചെയ്യാന്‍ നിയമം ഉപയോഗിക്കപ്പെടുമെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.

മുന്നും പിന്നും നോക്കാതെ കൊണ്ടുവന്ന ബില്ലാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയ് പോലും ഈ ബില്ലിന് എതിരായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.