തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം: സ്വകാര്യ വത്ക്കരണത്തില്‍ ഉറച്ച് കേന്ദ്രം

Posted on: July 24, 2019 3:38 pm | Last updated: July 24, 2019 at 4:30 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ കടുത്ത എതിര്‍പ്പ് തുടരുന്നതിനിടെയിലും തിരുവനനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ, ഗുവാഹത്തി, തിരുവനന്തപുരം, മംഗലാപുരം വിമാത്താവളങ്ങളാണ് സ്വകാര്യ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി രാജ്യസഭയില്‍ പറഞ്ഞു.

ലേല നടപടികള്‍ പൂര്‍ത്തിയായെങ്കിലും നിലവില്‍ ഇതുവരെയും ഒരു കമ്പനിക്കും വിമാനത്താവളങ്ങള്‍ കൈമാറിയിട്ടില്ല. വ്യോമയാന മേഖലയിലെ പരിചയസമ്പത്തിനൊപ്പം കമ്പനികളുടെ സാമ്പത്തിക ഭദ്രത കൂടി കണക്കിലെടുത്താകും തീരുമാനം. സ്വാകര്യ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കിയാലും സുരക്ഷ, കസ്റ്റംസ് തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ മേല്‍നോട്ടം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ആശങ്ക മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. എന്നാല്‍ എന്തിനാണ്
സ്വകാര്യവത്ക്കരണത്തെ കേരളം എതിര്‍ക്കുന്നതെന്നും, 99ല്‍ കൊച്ചി വിമാനത്താവളം സ്വകാര്യവത്കരിച്ചതല്ലേയെന്നും മന്ത്രി ചോദിച്ചു. ഇതോടെ കോണ്‍ഗ്രസും ഇടത്പക്ഷവും ബഹളം വച്ചു.

കൊച്ചി വിമാനത്താവളത്തിന്റെ നല്ലൊരു ശതമാനം ഷെയറും സംസ്ഥാന സര്‍ക്കാറിനാണെന്ന് എ കെ ആന്റണി പറഞ്ഞു. മുഖ്യമന്ത്രി ഏറ്റെടുക്കാന്‍ സമ്മതം ്അറിയിച്ചതാണെന്നും വിമാനത്താവളം കേരള സര്‍ക്കാറിന് കൈമാറണമെന്നും ഇടത് എം പിമാര്‍ അറിയിച്ചു.

വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇത് സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണന ഇതുവരെ വിഷയത്തിന് ലഭിച്ചിട്ടില്ല.