Connect with us

Gulf

ചുവപ്പ് സിഗ്‌നല്‍ മറികടന്ന മോട്ടോര്‍സൈക്കിളില്‍ ബസിടിച്ച് രണ്ട് പേര്‍ മരിച്ചു

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജയില്‍ മോട്ടോര്‍ സൈക്കിളില്‍ ബസ് ഇടിച്ച് രണ്ട് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഷാര്‍ജ പോലീസ് അറിയിച്ചതാണിക്കാര്യം. വ്യാവസായിക മേഖല എട്ടിലാണ് അപകടം. ബസും മോട്ടോര്‍ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. പോലീസ് രക്ഷാ ദൗത്യ സംഘവും പാരാമെഡിക്കല്‍ വിഭാഗവും ഉടനെ സംഭവ സ്ഥലത്തേക്ക് കുതിച്ചു. പോലീസ് എത്തി പ്രാഥമിക അന്വേഷണത്തില്‍ ലൈസന്‍സില്ലാത്ത മോട്ടോര്‍ ബൈക്ക് റെഡ് സിഗ്നല്‍ മറികടന്ന് ബസുമായി കൂട്ടിയിടിക്കുകയായിരുന്നവെന്ന് കണ്ടെത്തി.

സംഭവ സ്ഥലത്ത് വെച്ച് തന്നെ മോട്ടോര്‍ ബൈക് യാത്രികര്‍ മരണപെട്ടു. ബസില്‍ യാത്ര ചെയ്തിരുന്ന രണ്ട് പേര്‍ക്ക് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ഉടനെ അവരെ അല്‍ ഖാസിമി ആശുപത്രിയിലേക്കെത്തിച്ചു.
ലൈസന്‍സില്ലാത്ത ചെറു മോട്ടോര്‍ ബൈക്കുകള്‍ എമിറേറ്റില്‍ ഗതാഗതത്തിന് അപകടകരമായ വിധത്തില്‍ ഭീഷണിയാകുന്നുണ്ട്. ഈ മാസം ഒന്ന് മുതല്‍ എട്ട് വരെയുള്ള കാലയളവില്‍ 1,393 അനധികൃത മോട്ടോര്‍ ബൈക്കുകളാണ് പോലിസ് കണ്ടു കെട്ടിയത്.
ഇത്തരത്തിലുള്ള മോട്ടോര്‍ സൈക്കിളുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കാലാകാലത്തേക്ക് കണ്ട്‌കെട്ടും. അനധികൃത സൈക്കിളുകള്‍ ഗതാഗത നിയമം പാലിക്കുന്നില്ല എന്ന കാരണത്താലാണ് അവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്. മോട്ടോര്‍ ബൈക്കുകളില്‍ ഹെല്‍മെറ്റ് ധരിക്കാത്തവരെയും സൈക്കിളില്‍ രാത്രികാല യാത്ര ചെയ്യുമ്പോള്‍ മഞ്ഞ ജാക്കറ്റ് ധരിക്കാത്തവര്‍ക്കെതിരെയും കര്‍ശനമായ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ചുവപ്പ് സിഗ്‌നല്‍ ചാടികടക്കുന്ന പ്രവണത അപകടകരമായ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ നടക്കുന്ന അപകടങ്ങളില്‍ മരണം വരെ സംഭവിക്കാം.
പുതുക്കിയ യു എ ഇ ഫെഡറല്‍ ട്രാഫിക് ലോ അനുസരിച്ചു ചുവപ്പ് സിഗ്‌നല്‍ ചാടികടന്നാല്‍ 1000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. വാഹനം 30 ദിവസത്തേക്ക് കണ്ട് കെട്ടുകയും ചെയ്യും. വലിയ വാഹനങ്ങളാണെങ്കില്‍ 3000 ദിര്‍ഹമാണ് പിഴ.

Latest