ശുഹൈബ് വധം: സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Posted on: July 23, 2019 9:28 pm | Last updated: July 24, 2019 at 11:01 am

കൊച്ചി: മട്ടന്നൂരിലെ ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.  ശുഹൈബ് വധത്തെ ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താനാകില്ലെന്നും യുഎപിഎ വകുപ്പ് നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു.

ഒരു വര്‍ഷം മുമ്പ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടിരുന്നു. ശുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജസ്റ്റിസ് ബി കെമാല്‍പാഷ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. കേസിലെ അന്വേഷണം പൂര്‍ത്തിയായി.പ്രതികളെല്ലാം പിടിയിലായി. ഗൂഢാലോചന അടക്കം വിശദമായി അന്വേഷിച്ചതാണെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സി വീണ്ടും അന്വേഷിക്കേണ്ടതില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ അപ്പീലില്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എസ് പി ശുഹൈബിനെ കണ്ണൂര്‍ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ 2018 ഫെബ്രവരി 12നാണ് അക്രമിസംഘം വെട്ടിക്കൊന്നത്. മുന്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.