ആടിയുലഞ്ഞ് 13 മാസം; അടിപതറി ഒടുവില്‍ പടിയിറക്കം

Posted on: July 23, 2019 9:06 pm | Last updated: July 24, 2019 at 11:01 am

ബെംഗളുരു: പതിമൂന്ന് മാസത്തിനൊടുവില്‍ സഖ്യ സര്‍ക്കാര്‍ നിലം പതിക്കുമ്പോള്‍ കര്‍ണാടകയിലെ രാഷ്ട്രീയ കുതിരക്കച്ചവടങ്ങള്‍ക്ക് അറുതിയായിയെന്ന് കരുതാനാകില്ല. ബിജെപിയുടെ ഓപ്പറേഷനില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീണുവെങ്കിലും മറ്റൊരു റിവേഴ്‌സ ഓപ്പറേഷന് കര്‍ണാടക സാക്ഷ്യം വഹിക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

സംസ്ഥാനത്ത് സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി ഇപ്പോഴെ പ്രഖ്യാപിച്ച് കഴിഞ്ഞു. ജനാധിപത്യത്തിന്റെ വിജയമാണ് ഇന്ന് നിയമസഭയില്‍ കണ്ടതെന്നാണ് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ വിശ്വാസ വോട്ടെടുപ്പിന് ശേഷം പ്രതികരിച്ചത്. അതേ സമയം കോണ്‍ഗ്രസ്-ജെഡിയു സഖ്യം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ വ്യക്തമാക്കിക്കഴിഞ്ഞു. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ ശക്തമായ പ്രതിപക്ഷമായി സഖ്യം തുടരുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. വിമത എംഎല്‍എമാര്‍ക്ക് ഇനി രാഷ്ടട്രീയ സമധിമാത്രമാണുള്ളതെന്നും ആരെയും വെറുതെ വിടില്ലെന്നുമുള്ള കോണ്‍ഗ്രസിന്റെ പ്രഖ്യാപനം ബിജെപിയോടുള്ള പോരാട്ടം തുടരുമെന്ന സൂചനതന്നെയാണ് നല്‍കുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തി കൊണ്ടുള്ള വിമത നീക്കങ്ങള്‍ക്ക് തുടക്കമാവുന്നത്. നാല് എംഎല്‍എമാര്‍ മുംബൈയിലെ രഹസ്യ കേന്ദ്രത്തിലെത്തി. മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കിയ രമേഷ് ജര്‍ക്കിഹോളിയായിരുന്നു നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. നിയമസഭാ കക്ഷിയോഗത്തിനു ഈ എംഎല്‍എമാര്‍ എത്തിയില്ല. രണ്ടുപേരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസിന്റെ ശിപാര്‍ശ ചെയ്തു. ജെഡിഎസ് എംഎല്‍എയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന യെദ്യൂരപ്പയുടെ ശബ്ദരേഖ കുമാരസ്വാമി ഇതിനിടെ പുറത്തുവിട്ടു. നാടകത്തില്‍ ബിജെപിക്ക് മേല്‍ ഒരു ചുവടു വെച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ സഖ്യം നീങ്ങി. എന്നാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം വലിയ പരാജയമാണെന്ന് വരും നാളുകളിലെ സംഭവങ്ങള്‍ തെളിയിച്ചു.

സഖ്യ സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമതശല്യം രൂക്ഷമായിരുന്നു. സുമലതക്ക് വേണ്ടി ബിജെപിക്കൊപ്പം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഒപ്പം നിന്നു. ദേവഗൗഡയും വീരപ്പമൊയ്‌ലിയും വിമത നീക്കത്തില്‍ അടിപതറി. ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വന്നു. ഇതോടെ നേതൃമാറ്റത്തിനായി സിദ്ധരാമയ്യ മുറവിളി തുടങ്ങി.
പരസ്യമായി ഓപ്പറേഷന്‍ താമരക്ക് ഇല്ലെന്നു ബിജെപി പ്രഖ്യാപിച്ചുവെങ്കിലും അണിയറയില്‍ നീക്കങ്ങള്‍ ശക്തമായിരുന്നു. പടല പിണക്കവും ബിജെപി തന്ത്രവും ഒരുമിച്ചപ്പോള്‍ 16 പേരുടെ രാജി. രണ്ട് സ്വതന്ത്രരും പിന്തുണ പിന്‍വലിച്ചു. അനുനയത്തിന്റെ എല്ലാ വഴികളും കോണ്‍ഗ്രസ് പയറ്റിയെങ്കിലും ഒടുവില്‍ സഖ്യ സര്‍ക്കാറിന് അധികാരത്തില്‍നിന്നും പിന്‍മാറേണ്ടി വന്നു.