ആദിവാസികളെ വനത്തില്‍നിന്ന് പുറത്താക്കാനുള്ള വനാവകാശ നിയമ ഭേദഗതിക്കെതിരെ കേന്ദ്ര ജനകീയ പ്രക്ഷോഭം

Posted on: July 23, 2019 9:57 am | Last updated: July 23, 2019 at 12:18 pm

ന്യൂഡല്‍ഹി: ആദിവാസികളെ വനത്തില്‍നിന്ന് പുറത്താക്കാനുള്ള വനാവകാശ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ആദിവാസികളും കര്‍ഷകരും.

കിസാന്‍സഭ, ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച്, അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍, ഭൂമി അധികാര്‍ ആന്ദോളന്‍, എ ഐ യു എഫ് ഡബ്ല്യു പി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു രണ്ടാം മോദി സര്‍ക്കാറിനെതിരെ ആദ്യ ജനകീയ പ്രതിഷേധം അരങ്ങറേയത്. വിവിധ സംസ്ഥാനങ്ങളിലായി വില്ലേജ്, ബ്ലോക്ക്, ജില്ലാ തലത്തില്‍ പ്രതിഷേധമാര്‍ച്ചുകള്‍ നടന്നു.

ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ശ്രമിച്ചില്ലെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത അഖിലേന്ത്യാ കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊല്ല വിമര്‍ശിച്ചു. ആദിവാസികളുടെ അവകാശം ഉറപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിഷ്‌ക്രിയത്വം അവസാനിപ്പിച്ച് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിസാന്‍സഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന്‍, എ ഐ യു എഫ് ഡബ്ല്യൂ പി നേതാവ് റോമ മാലിക്, ഫോര്‍വേഡ് ബ്ലോക്ക് സെക്രട്ടറി ജി ദേവരാജന്‍ പ്രസംഗിച്ചു.

മഹാരാഷ്ട്രയില്‍ കിസാന്‍സഭയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പാല്‍ഘര്‍ ജില്ലയിലെ ദഹാനുവിലെ എസ് ഡി ഒ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ഡി വൈ എഫ് ഐ, സി ഐ ടി യു പ്രവര്‍ത്തകര്‍ പങ്കെടുത്തു.

അലിബാഗില്‍ നടന്ന പ്രതിഷേധമാര്‍ച്ചില്‍ 1000 ത്തിലധികം ആദിവാസികളും കര്‍ഷകരും പങ്കെടുത്തതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് കിസാന്‍സഭയും സി പി എമ്മും സംയുക്തമായി നാസിക് ജില്ലയിലെ കല്‍വാനില്‍ പ്രതിഷേധ റാലി നടത്തും. സി പി എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, കിസാന്‍സഭ പ്രസിഡന്റ് അശോക് ധാവ്‌ളെ, ജെ പി ഗാവിദ് എം എല്‍ എ നേതൃത്വം നല്‍കും.