കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു

Posted on: July 22, 2019 6:31 pm | Last updated: July 22, 2019 at 9:51 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കാറില്‍ പോവുകയായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ഹുമൈപുര്‍ ഗ്രാമപഞ്ചായത്ത് മേഖലയിലെ തൃണമൂല്‍ കോണ്‍ഗ്രസ് കണ്‍വീനറായ സഫിയുല്‍ ഹസന്‍(43) ആണ് കൊല്ലപ്പെട്ടത്.

ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസിലേക്ക് സ്വന്തം കാറില്‍ യാത്ര ചെയ്യുന്നതിനിടെ അക്രമി സംഘം മറ്റൊരു കാറില്‍ എത്തി വഴിയില്‍ തടഞ്ഞുനിര്‍ത്തി.
അക്രമികള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിയ ഹസനെ ഇവര്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഹസന്റെ ഭാര്യ ഹുമൈപുര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രദേശത്ത് തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റമുണ്ടാക്കിയത് ഹസന്റെ കൂടി മികവിലാണെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ വിളറി പൂണ്ട് കോണ്‍ഗ്രസാണ് കൊലപാതകം നടത്തിയതെന്നും ഇവര്‍ ആരോപിച്ചു.