മുംബൈയിലെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

Posted on: July 22, 2019 5:36 pm | Last updated: July 22, 2019 at 6:30 pm

മുംബൈ: മുംബൈയിലെ ഒമ്പതു നില ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. നൂറോളം പേര്‍ കെട്ടിടത്തിന്റെ ടെറസില്‍ കുടുങ്ങിയിട്ടുണ്ട്. ഇന്ന് ഉച്ചക്കു ശേഷം മൂന്നോടെ കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകളിലാണ് തീ പടര്‍ന്നത്. ബാന്ദ്ര നഗര പ്രാന്തത്തിലെ അഗ്നിശമന സേനാ കേന്ദ്രത്തിനു സമീപത്തായാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. പ്രവൃത്തി ദിവസമായതിനാല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലെ ജീവനക്കാരുള്‍പ്പടെ നിരവധി പേര്‍ കെട്ടിടത്തിനകത്തുണ്ടായിരുന്നു.

അഗ്നിശമന സേനയുടെ 14 യൂനിറ്റുകളും ഒരു റോബോട്ട് വാനും ആംബുലന്‍സും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തീയണക്കാനും ടെറസില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുമുള്ള ഊര്‍ജിത ശ്രമം നടന്നുവരികയാണ്. ആര്‍ക്കെങ്കിലും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.