Connect with us

National

സവര്‍ണ ജാതിക്കാരിയായ പ്രഗ്യ പ്രധാന മന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ വെല്ലുവിളിക്കുന്നു: ഉവൈസി

Published

|

Last Updated

ന്യൂഡല്‍ഹി: ശൗചാലയം വൃത്തിയാക്കാനല്ല താന്‍ ലോക്‌സഭാംഗമായതെന്ന ബി ജെ പി എം പി. സാധ്വി പ്രഗ്യ സിംഗിന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ ഐ എം ഐ എം) നേതാവ് അസദുദ്ധീന്‍ ഉവൈസി. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളെ വെല്ലുവിളിക്കുകയാണ് പ്രഗ്യ ചെയ്യുന്നത്. സവര്‍ണ ജാതിയില്‍ പെട്ട ആളായതിനാല്‍ ശൗചാലയങ്ങള്‍ വൃത്തിയാക്കുന്നവരെ തുല്യതയോടെ പരിഗണിക്കാന്‍ കഴിയില്ലെന്നു പറയുന്ന പ്രഗ്യക്ക് എങ്ങനെയാണ് പുതിയ ഇന്ത്യ നിര്‍മിക്കാന്‍ കഴിയുകയെന്ന് ഉവൈസി ചോദിച്ചു.

മധ്യപ്രദേശില്‍ ബി ജെ പി പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് 2008ലെ മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയായ പ്രഗ്യ വിവാദ പ്രസ്താവന നടത്തിയത്. വികസനം ഉറപ്പാക്കുന്നതിന് എം എല്‍ എമാര്‍, മുന്‍സിപ്പല്‍ അംഗങ്ങള്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവരോടൊത്തു പ്രവര്‍ത്തിക്കുകയാണ് ഒരു എം പിയുടെ ജോലിയെന്ന് മനസ്സിലാക്കണം. നിങ്ങളുടെ ശൗചാലയങ്ങളോ അഴുക്കുചാലുകളോ വൃത്തിയാക്കുന്നതിനല്ല ഞാന്‍ എം പിയായത്. എന്തിനാണോ തിരഞ്ഞെടുക്കപ്പെട്ടത് ആ ജോലി സത്യസന്ധമായി ചെയ്യും. ഇത് മുമ്പും പറഞ്ഞിട്ടുള്ളതാണ്. ഇന്നും പറയുന്നു, ഭാവിയിലും പറയും- ഭോപാലില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ പരാജയപ്പെടുത്തി ലോക്‌സഭയിലെത്തിയ പ്രഗ്യ പറഞ്ഞു.

ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ മഹത്വവത്കരിച്ചും 26/11ലെ മുംബൈ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സ്‌ക്വാഡ്‌ മേധാവി ഹേമന്ദ് കര്‍ക്കറെയെ അപമാനിച്ചുമുള്ള പ്രഗ്യയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയുള്ള പരാമര്‍ശങ്ങള്‍ വന്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു.