Connect with us

National

ഭൂമിയെച്ചൊല്ലി മധ്യപ്രദേശിലും അക്രമം; 13 പേര്‍ക്ക് പരുക്ക്

Published

|

Last Updated

ഭോപാല്‍: ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് 10 പേര്‍ കൊല്ലപ്പെടാനിടയായ യു പിയിലെ സോന്‍ഭദ്ര വെടിവെപ്പിനു പിന്നാലെ മധ്യപ്രദേശിലും സമാന സംഭവം. ഞായറാഴ്ച മധ്യപ്രദേശില്‍ രാജ്ഗറിലെ സമേലി ഗ്രാമത്തില്‍ ഒരു സ്ഥലത്തെച്ചൊല്ലി രണ്ട് സമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു. സംഭവത്തില്‍ നാലു സ്ത്രീകള്‍ ഉള്‍പ്പടെ 13 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ആറു പേരുടെ നില ഗുരുതരമാണ്.

ഗ്രാമത്തിലെ ആറേക്കര്‍ വരുന്ന സ്ഥലം തങ്ങള്‍ വാങ്ങിയതാണെന്ന് അവകാശപ്പെട്ട് നാടോടികളായ ആദിവാസി വിഭാഗത്തിലെ ചിലര്‍ രംഗത്തെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇതിനെ എതിര്‍ത്ത പ്രദേശത്തുകാരെ ആദിവാസികള്‍ തോക്കുകളും വാളുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമികള്‍ക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡിലെ 307ാം വകുപ്പു പ്രകാരം വധശ്രമത്തിനു കേസെടുത്തതായി പോലീസുദ്യോഗസ്ഥന്‍ എന്‍ ഡി മിശ്ര എന്‍ഡിടിവിയോട് വെളിപ്പെടുത്തി.

മധ്യപ്രദേശിലെ സിംഗ്രോളി ജില്ലയില്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ കൊല്ലപ്പെടാനും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കാനുമിടയാക്കിയ സംഭവം നടന്ന് രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് വീണ്ടും അക്രമമുണ്ടായത്.

Latest