അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ലക്ഷ്യംവെക്കുക; ഭീകരര്‍ക്കും അക്രമകാരികള്‍ക്കും ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ നല്‍കിയ ഉപദേശം വിവാദത്തില്‍

Posted on: July 22, 2019 10:00 am | Last updated: July 22, 2019 at 12:05 pm

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പോലീസും സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടുന്ന ജനങ്ങള്‍ക്കും ഭീകരര്‍ക്കും പുതിയ ഉപദേശവുമായി സംസ്ഥാന ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കാശ്മീരിനെ കൊള്ളയടിക്കുന്ന അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ലക്ഷ്യംവെക്കാനാണ് ഗവര്‍ണറുടെ നിര്‍ദേശം. അക്രമത്തിന് പ്രേരിപ്പിക്കുന്ന ഗവര്‍ണറുടെ പ്രസ്താവന വന്‍ വിവാദമായിരിക്കുകയാണ്.

ഇന്നലെയാണ് ഗവര്‍ണര്‍ വിവാദ പ്രസ്താവന നടത്തിയത്. പാവപ്പെട്ട ജനങ്ങളെയും സുരക്ഷാ ജീവനക്കാരെയും ഇല്ലാതാക്കുന്നതിന് പകരം സംസ്ഥാനത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്ന അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ലക്ഷ്യം വയ്ക്കൂ എന്നായിരുന്നു ആവശ്യപ്പെട്ടത്. സ്വന്തം ജനങ്ങളെ കൊല്ലാനാണ് ചിലര്‍ തോക്കെടുക്കുന്നത്. അവര്‍ സുരക്ഷാ ജീവനക്കാരേയും പോലീസിനെയും കൊല്ലുന്നു. എന്തിനാണ് നിങ്ങള്‍ അവരെ കൊല്ലുന്നത്?. കശ്മീരിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവരെ കൊല്ലൂ. നിങ്ങള്‍ അവരില്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ?- കാര്‍ഗിലില്‍ ഒരു പരിപാടിക്കിടെ മാലിക് പറഞ്ഞു.

പൊതുസമ്പത്ത് കൊള്ളയടിച്ച് ലോകത്തെ ഏറ്റവും സമ്പന്നരായവരാണ് കശമീരിനെ മുമ്പ് ഭരിച്ചിരുന്ന കുടുംബങ്ങള്‍. അവര്‍ക്ക് ശ്രീനഗറില്‍ ഒരു വീടുണ്ട്. ഡല്‍ഹിയിലും ദുബൈയിലും ലണ്ടനിലും മറ്റ് പലയിടങ്ങളിലും വീടുകളുണ്ട്. വലിയ ഹോട്ടലുകളില്‍ അവര്‍ക്ക് ഓഹരികളുണ്ട്. അതേസമയം ഇന്ത്യന്‍ സര്‍ക്കാര്‍ ഒരിക്കലും തോക്കിന് മുന്നില്‍ താഴ്ന്നുകൊടുക്കില്ലെന്നും മാലിക് പറഞ്ഞു.

പ്രസംഗത്തോട് പ്രതികരിച്ച മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല മാലിക്കിനെ നിശ്ചിതമായി വിമര്‍ശിച്ചു. ഗവര്‍ണറുടെ പദവിയിലിരിക്കുന്ന വ്യക്തിയാണ് രാഷ്ട്രീയക്കാരെ കൊല്ലാന്‍ ഭീകരവാദികളോട് ആഹ്വാനം ചെയ്യുന്നതെന്ന് ഒമര്‍ അബ്ദുല്ല പ്രതികരിച്ചു. ഈ ട്വീറ്റ് സേവ് ചെയ്തു വയ്ക്കൂ, ഏതെങ്കിലും മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ജമ്മു കശ്മീരില്‍ കൊലചെയ്യപ്പെട്ടാല്‍ ഗവര്‍ണറുടെ ആഹ്വാന പ്രകാരമായിരിക്കു”മന്നും ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു.