കനത്ത കാറ്റും മഴയും: കോഴിക്കോട്- കണ്ണൂര്‍ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു, കടലാക്രമണം രൂക്ഷം

Posted on: July 22, 2019 9:39 am | Last updated: July 22, 2019 at 11:25 am

കോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും മരം വീണ് കണ്ണൂര്‍ കോഴിക്കോട് പാതയില്‍ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ട് കാവിലാണ് മരം വീണ് ഗതാഗതം തടസപ്പെട്ടത്. അഗ്നിശമന വിഭാഗമെത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.

സംസ്ഥാനത്തെ തീരദേശങ്ങളെല്ലാം രൂക്ഷമായ കടലാക്രമണ ഭീതിയിലാണ്. കാറ്റിന്റെ വേഗം മണിക്കൂറില്‍ അമ്പത് കിലോമീറ്ററില്‍ കൂടാന്‍ ഇടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മഴ്ക്ക് ശമനം ഉണ്ടായെങ്കിലും ശക്തമായ കടലാക്രമണമാണ് തിരുവനന്തപുരത്തെ തീരമേഖലയില്‍ അനുഭപ്പെടുന്നത്. 120 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വലിയതുറയില്‍ നിരവധി വീടുകള്‍ കടലെടുത്തു.

കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ക്ക് പുറമെ കാസര്‍കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഡോ. ഡി സജിത് ബാബു അവധി പ്രഖ്യാപിച്ചു. ഇന്ന് രാവിലെയാണ് കലര്‍ക്ടര്‍ അവധി പ്രഖ്യാപിച്ചത്.