ബുധനാഴ്ച വരെ മഴ തുടരും; മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

Posted on: July 22, 2019 2:27 am | Last updated: July 22, 2019 at 10:42 am

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്നു. വടക്കൻ കേരളത്തിൽ തുടരുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരത്തേക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ നാൽപ്പത് മുതൽ അമ്പത് വരെ കിലോമീറ്റർ വേഗത്തിൽ കാറ്റും പ്രവചിക്കുന്നു. തിരുവനന്തപുരത്തെ തീരദേശ മേഖലയിൽ നിന്ന് 143 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. വലിയതുറ മേഖലയിൽ കടൽക്ഷോഭം അതിരൂക്ഷമാണ്. ശംഖുമുഖത്ത് തീരം കടലെടുത്തതിന് ശേഷം തീരദേശ റോഡ് ഏത് നിമിഷവും കടലെടുക്കാം എന്ന സ്ഥിതിയാണ്.
പത്തനംതിട്ടയിലും മഴ ശക്തമായി ലഭിച്ചു. ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കൊച്ചിയിൽ മഴ കുറവാണെങ്കിലും ചെല്ലാനം, വൈപ്പിൻ മേഖലകളിൽ കടലാക്രമണം രൂക്ഷമാണ്.

ഇടുക്കിയിൽ കനത്ത മഴക്കൊപ്പം മണ്ണിടിച്ചിലും വ്യാപകമാണ്. ദേവികുളം റോഡിലും മൂന്നാർ ഹെഡ്‌വർക്‌സ് ചെക്ക്ഡാമിന് സമീപവും മണ്ണിടിഞ്ഞു. മലയോരങ്ങളിലും ഉൾക്കാടുകളിലും കനത്ത മഴ പെയ്യുന്നുണ്ട്. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടി.
മുല്ലപ്പെരിയാറിൽ 113 അടി വെള്ളം മാത്രമേ ഇപ്പോഴുള്ളൂ. പെരിങ്ങൽകുത്ത് അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയതോടെ ചാലക്കുടിപ്പുഴയിലും ജലനിരപ്പ് കൂടി. കെ എസ് ഇ ബിയും ജലവിഭവ വകുപ്പും നിയന്ത്രിക്കുന്ന അണക്കെട്ടുകളിൽ മിക്കവയും സംഭരണ ശേഷിയിലേക്ക് അടുക്കുന്നതേയുള്ളൂ. ചാലക്കുടി പുഴയിൽ രണ്ട് അടിയിലേറെ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പ് ഉണ്ട്.

കോഴിക്കോട് ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകളുള്ള മേഖലയിലെല്ലാം റവന്യു വകുപ്പിന്റെ ജാഗ്രത തുടരുകയാണ്. കോഴിക്കോട്ട് കക്കയം അണക്കെട്ട് പരിസരത്തേക്ക് സഞ്ചാരികളെ വിലക്കിയിട്ടുണ്ട്. കാസർകോട് ജില്ലയിലും കടലാക്രമണം രൂക്ഷമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട് ജില്ലയിൽ പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കൺവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഐ സി എസ് ഇ, സി ബി എസ് ഇ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. കോളജുകൾക്കും പ്രൊഫഷനൽ കോളജുകൾക്കും അവധി ഇല്ല. കണ്ണൂരിൽ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. സർവകലാശാലാ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.