പാർട്ടിക്കെതിരായ വിമർശങ്ങൾ; ജനങ്ങളെ ബോധവത്കരിക്കാൻ സി പി എം നേതാക്കൾ വീട് കയറുന്നു

Posted on: July 22, 2019 1:47 am | Last updated: July 22, 2019 at 1:47 am

കണ്ണൂർ: സംസ്ഥാനത്ത് സി പി എമ്മിനെതിരായി വർധിച്ചു വരുന്ന വിമർശങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളെ നേരിൽ കാണാൻ നേതാക്കളിറങ്ങുന്നു. ഗൃഹ സമ്പർക്കമെന്ന് പേരിട്ട പരിപാടിക്ക് തുടക്കമായി. കണ്ണൂർ ജില്ലയിൽ പരിപാടി ഇന്നലെ ആരംഭിച്ചു. മറ്റ് സ്ഥലങ്ങളിൽ ഇന്ന് മുതലാണ് പരിപാടി ആരംഭിക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ നേതൃത്വം നൽകുന്ന പരിപാടി ഈ മാസം 29 വരെ നീണ്ടു നിൽക്കും. പാർട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗൃഹസന്ദർശനം. പാർട്ടിയെക്കുറിച്ച് ജനങ്ങൾ പറയുന്നത് കേൾക്കുകയും പാർട്ടി നയങ്ങളും നിലപാടുകളും വിശദീകരിക്കുകയും ചെയ്യും.

ഇന്നലെ ജില്ലാ സെക്രട്ടറി എം വി ജയരാജൻ കണ്ണൂരിലും സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ കൂത്തുപറമ്പ് കിഴക്കേ കതിരൂരിലും വീടുകൾ കയറിക്കൊണ്ട് ഗൃഹ സന്ദർശനത്തിന് തുടക്കം കുറിച്ചു. പാർട്ടിക്കെതിരെ അടിക്കടി വിമർശങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത ആഘാതത്തിന്റെ മുറിവുണങ്ങും മുമ്പെ തന്നെ പാർട്ടിയും നേതാക്കളും വിവിധ പ്രശ്‌നങ്ങളിൽ പ്രതിഷേധമേറ്റു വാങ്ങിയിട്ടുണ്ട്. ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ കൂടിയായ പി കെ ശ്യാമളക്കെതിരെ പരാതി ഉയർന്നതും വടകരയിലെ സ്വതന്ത്ര സ്ഥാനാർഥി സി ഒ ടി നസീർ വധശ്രമക്കേസിൽ എ എൻ ഷംസീർ എം എൽ എ ആരോപണ വിധേയനായതും കണ്ണൂരിലെ പാർട്ടി കേന്ദ്രങ്ങളിൽ പോലും കടുത്ത വിമർശങ്ങൾക്കിടയാക്കിയിരുന്നു.

യൂനിവേഴ്‌സിറ്റി കോളജിലെ എസ് എഫ് ഐ അക്രമവും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിക്കെതിരായി ഉയർന്ന പരാതിയും പാർട്ടിക്കെതിരെ ജന വികാരമുയരുന്നതിന് കാരണമായിട്ടുണ്ടെന്ന് പാർട്ടി വിലയിരുത്തുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിനുണ്ടായ കനത്ത തിരിച്ചടിയുടെ കാരണമായ പ്രശ്‌നങ്ങളിൽ കൂടി വിശദീകരണമുണ്ടാകും. ഒരു വർഷം കഴിഞ്ഞെത്തുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് കൂടി മുന്പിൽ കണ്ടാണ് ഇത്തരമൊരു ക്യാമ്പയിൻ. പാർട്ടിക്കെതിരെ ഉയർന്നു വരുന്ന വിമർശങ്ങളുടെ ഫലമായി സംഘ്പരിവാർ ശക്തികൾ ഉൾപ്പെടെ പാർട്ടി കേന്ദ്രങ്ങളിൽ നേട്ടമുണ്ടാക്കുന്നുവെന്ന വിലയിരുത്തലുമുണ്ട്.

പാർട്ടിയുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന പരാതികളും സംഭവങ്ങളും ജനങ്ങളിൽ ചെറിയ തോതിലെങ്കിലും പാർട്ടിവിരുദ്ധ നിലപാടുണ്ടാകാൻ കാരണമായിട്ടുണ്ടെന്ന് പാർട്ടി കരുതുന്നു. നേരത്തേ വിവിധ പ്രാദേശിക ഘടകങ്ങളിൽ നിന്നുൾപ്പെടെ ലഭിച്ച വിലയിരുത്തലുകളുടെ കൂടി പശ്ചാത്തലത്തിലാണ് ജനങ്ങളെ കണ്ട് പാർട്ടി നിലപാട് വിശദമാക്കാൻ തീരുമാനിച്ചത്. വീടുകളിലെത്തുന്ന നേതാക്കൾ പാർട്ടി നിലപാടുകൾ വിശദമാക്കുന്നതോടൊപ്പം അവർ പറയുന്ന കാര്യങ്ങൾ കേൾക്കാനും മറുപടി പറയാനും തയ്യാറാകും. ജനങ്ങളിൽ ഉണ്ടാക്കിയ അകൽച്ച കുറക്കാൻ ഇത് സഹായകരമാകുമെന്നാണ് കരുതുന്നത്.