Connect with us

Kerala

യൂനിവേഴ്‌സിറ്റി കോളജ് ഇന്ന് തുറക്കും

Published

|

Last Updated

തിരുവനന്തപുരം: വിദ്യാർഥി സംഘർഷത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി അടഞ്ഞു കിടന്ന യൂനിവേഴ്‌സിറ്റി കോളജ് ഇന്ന് തുറക്കും. പ്രിൻസിപ്പലിനെ മാറ്റിയതുൾപ്പെടെ അടിമുടി മാറ്റങ്ങളോടെയാണ് കോളജ് തുറക്കുന്നത്. അക്രമ രാഷ്ട്രീയത്തിന് കടിഞ്ഞാണിടുമെന്നും സ്വതന്ത്രമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും സർക്കാരും കോളജ് അധികൃതരും ഉറപ്പ് നൽകിയിട്ടുണ്ട്.

വിദ്യാർഥി സംഘർഷം വലിയ രാഷ്ട്രീയ പ്രശ്‌നമായി വളർന്ന സാഹചര്യത്തിലാണ് കോളജ് തുറക്കുന്നത്. സ്ഥിരം പ്രിൻസിപ്പലിനെ വെച്ചും മൂന്ന് അധ്യാപകരെ സ്ഥലം മാറ്റിയതിനും പിന്നാലെ അധ്യാപകരെ മാറ്റുന്നതടക്കമുള്ള കൂടുതൽ ശുദ്ധികലശത്തിനാണ് സർക്കാർ ശ്രമം. ഈ മാസം 12നാണ് കോളജിൽ വിദ്യാർഥിയായ അഖിൽ ചന്ദ്രന് നേരെ വധശ്രമമുണ്ടായത്. ശേഷം കോളജ് അടഞ്ഞു കിടക്കുകയായിരുന്നു.

കോളജ് തുറക്കുന്നതോടെ എ ഐ എസ് എഫിന് പിന്നാലെ കെ എസ് യുവും കോളജിൽ യൂനിറ്റ് തുടങ്ങാനുള്ള ശ്രമത്തിലാണ്. സംഘടനയുടെ സംസ്ഥാന സമ്മേളനത്തിനെത്തുന്ന കനയ്യകുമാറിനെ ക്യാമ്പസിലെത്തിച്ച് കൊടിമരം സ്ഥാപിക്കാനാണ് എ ഐ എസ് എഫ് ശ്രമം. പ്രതിരോധത്തിലായ എസ് എഫ് ഐ കുത്തേറ്റ അഖിലിനെ അടക്കം ഉൾപ്പെടുത്തി അഡ്‌ഹോക്ക് കമ്മിറ്റി ഉണ്ടാക്കിയാണ് വിമർശനങ്ങൾ മറികടക്കാനൊരുങ്ങുന്നത്. സെക്രട്ടേറിയറ്റിന് മുന്നിൽ കഴിഞ്ഞ ദിവസത്തെ അവകാശ പത്രികാ റാലിയിൽ നേതൃത്വത്തിനെതിരെ പരാതി ഉന്നയിച്ചവരേയും അണിനിരത്തിയ എസ് എഫ്‌ ഐ ക്യാമ്പസിലെ കരുത്ത് ചോരാതിരിക്കാനുള്ള നടപടികളിലാണ്.

25ന് കോളജിന് മുന്നിൽ എസ് എഫ് ഐ മഹാപ്രതിരോധം തീർക്കുന്നുണ്ട്. കോളജ് തുറക്കുന്ന ആദ്യ ദിനങ്ങളിൽ കനത്ത പോലീസ് കാവലുണ്ടാകും. ക്ലാസ് തുടങ്ങിയാലും പരീക്ഷാ ക്രമക്കേടിലെ സമരങ്ങൾ തുടരാനാണ് പ്രതിപക്ഷ വിദ്യാർഥി യുവജന സംഘടനകളുടെ തീരുമാനം.

Latest