വിദ്യാർഥി രാഷ്‌ട്രീയം സർഗാത്മകമാകണം: എസ് എസ് എഫ്

Posted on: July 22, 2019 1:16 am | Last updated: July 22, 2019 at 1:16 am
മാനന്തവാടിയിൽ നടന്ന എസ് എസ് എഫ് സംസ്ഥാന നേതൃസംഗമം ദേശീയ ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ഫാറൂഖ് നഈമി ഉദ്ഘാടനം ചെയ്യുന്നു

കൽപ്പറ്റ: വിദ്യാർഥി രാഷ്ട്രീയം വഴി മാറി സഞ്ചരിക്കുന്നത് ഗൗരവപൂർവം നോക്കിക്കാണേണ്ടതുണ്ടെന്ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി. പ്രത്യയശാസ്ത്രപരമോ നിർമാണാത്മകമോ യാതൊരു ചിന്തകൾക്കും ചർച്ചകൾക്കും ഇടമില്ലാത്ത വിധം ക്യാമ്പസുകൾ അരാഷ്ട്രീയമായിത്തീരുന്നത് ആശങ്കാജനകമാണ്.

കക്ഷിരാഷ്ട്രീയ സ്വാർഥതകൾക്ക് പുറത്താണ് അക്രമ രാഷ്ട്രീയം കലാലയങ്ങളിൽ അധീശത്വം നേടുന്നത്. എന്നാൽ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ കൊലപാതക ശ്രമത്തെ തുടർന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥി രാഷ്ട്രീയത്തെ അപ്പാടെ നിരോധിക്കണമെന്ന വാദഗതികൾ അംഗീകരിക്കാനാവില്ല. അത് വിദ്യാർഥി ജീവിതത്തെ കൂടുതൽ അരാജകത്വത്തിലേക്ക് നയിക്കുകയേ ഉള്ളൂ. അക്രമ രാഷ്ട്രീയത്തെയും ജനാധിപത്യ വിരുദ്ധതകളെയും സർക്കാർ നിലവിലെ നിയമങ്ങൾ കൊണ്ട് നേരിടണം. പഴകിപ്പുളിച്ചതും ക്രിയാത്മകമല്ലാത്തതുമായ സമര രീതികൾ കൊണ്ടല്ല അക്രമ രാഷ്ട്രീയത്തെ എതിർക്കേണ്ടത്. പകരം വിദ്യാർഥിത്വത്തെ കൂടുതൽ സർഗാത്മകമാക്കുകയാണ് പരിഹാരം. അധികാര ഹുങ്കിനെയും ജനാധിപത്യ വിരുദ്ധതയെയും തീക്ഷ്ണമായ സർഗ വിചാരങ്ങൾ കൊണ്ട് നേരിടണം.

നേരിന്റെ രാഷ്ട്രീയം കൊണ്ട് വിദ്യാർഥി ബോധ മണ്ഡലം മാറ്റിപ്പണിയുകയെന്നതാണ് എസ് എസ് എഫ് ലക്ഷ്യമിടുന്നത്. “നടപ്പു രീതികളല്ല, നേരിന്റെ രാഷ്ട്രീയം’എന്ന പ്രമേയം ചർച്ച ചെയ്ത് സംസ്ഥാനത്തെ 106 ഡിവിഷനുകളിൽ എസ് എസ് എഫ് വിദ്യാർഥി സമ്മേളനങ്ങൾ നടത്തും.

മാനന്തവാടിയിൽ നടന്ന സംസ്ഥാന നേതൃസംഗമത്തിൽ എസ് എസ് എഫ് ദേശീയ ജനറൽ സെക്രട്ടറി ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമിയാണ് സമ്മേളന പ്രഖ്യാപനം നിർവഹിച്ചത്. നവംബർ- ഡിസംബർ മാസങ്ങളിലായി സമ്മേളനം നടക്കും. ടി എ അലി അക്ബർ, എം അബ്ദുൽ മജീദ്, സി കെ റാശിദ് ബുഖാരി, എ പി മുഹമ്മദ് അശ്ഹർ സംസാരിച്ചു.