ഹിന്ദുപുരോഹിതന് അമേരിക്കയിൽ മർദനം

Posted on: July 21, 2019 8:54 pm | Last updated: July 22, 2019 at 1:56 am
സ്വാമി ഹരീഷ് ചന്ദർ പൂരി

വാഷിംഗ്ടൺ: ന്യൂയോർക്കിൽ ഹിന്ദു പുരോഹിതന് നേരെ ആക്രമണം. ഫ്‌ളോറ പാർക്കിലെ അമ്പലത്തിന് സമീപത്തുവെച്ച് സ്വാമി ഹരീഷ് ചന്ദർ പൂരിയെന്ന പുരോഹിതനെയാണ് ആക്രമിച്ച് അവശനാക്കിയത്. പുരോഹിത വസ്ത്രം ധരിച്ച് തെരുവിലൂടെ നടക്കുമ്പോഴായിരുന്നു അജ്ഞാതന്റെ ആക്രമണം. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11 ഓടെയാണ് സംഭവം. പുരോഹിതനെ അപായപ്പെടുത്താൻ ശ്രമിച്ചതാകാമെന്ന് ക്ഷേത്രത്തിൽ സ്ഥിരമായി ദർശനം നടത്തുന്ന ചിലർ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് 52കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സെർജിയോ ഗൗവിയയെന്നയാളാണ് അറസ്റ്റിലായത്. ആക്രമണം, കുറ്റകൃത്യത്തിനായി ആയുധം ഉപയോഗിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയതെന്ന് പോലീസ് വക്താക്കൾ അറിയിച്ചു.
ഗ്ലെൻ ഓക്‌സിലെ ശിവശക്തി പീഠത്തിന് സമീപത്തുകൂടി നടക്കുകയായിരുന്നു സ്വാമി ഹരീഷ് ചന്ദർ പുരി. ഈ സമയം തന്റെ പിറകിലൂടെ വന്നയാൾ തന്നെ തുടർച്ചയായി മർദിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വാമിയെ ഉടൻ ആശുപത്രിയിലെത്തിച്ചു. ശരീരത്തിൽ മുറിവുകളും ചതവുകളുമേറ്റിട്ടുണ്ട്.