മര്‍കസിനെ നെഞ്ചിലേറ്റിയ കോയ മുസ്‌ലിയാര്‍ക്ക് കണ്ണീരോടെ വിട

Posted on: July 21, 2019 7:28 pm | Last updated: July 21, 2019 at 7:31 pm
മര്‍ക്കസ് മസ്ജിദുല്‍ ഹാമിലിയില്‍ നടന്ന കോയ മുസ് ലിയാരുടെ മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി നേതൃത്വം നല്‍കുന്നു

കുന്ദമംഗലം: അകത്തളങ്ങളില്‍ മര്‍കസിനെ അണിയിച്ചൊരുക്കിയ കോയ ഉസ്താദിന് വിട. നാല് ദശകത്തോളം മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളില്‍ സേവകനായും കാന്തപുരം ഉസ്താദിന് താങ്ങായും തണലായും പ്രവര്‍ത്തിച്ച എ.സി കോയ മുസ്ലിയാരുടെ നിര്യാണം മര്‍കസിന്റെ സാരഥികള്‍ക്ക് താങ്ങാവുന്നതിലപ്പുറം. മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ ആരംഭ ഘട്ടം മുതല്‍ തന്നെ സ്ഥാപനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു കോയ മുസ്‌ലിയാര്‍.

കോയ മുസ്ലിയാർ

നാല്‍പത് വര്‍ഷം മുമ്പ് മര്‍കസ് നിലനില്‍പ്പിനായി പൊരുതുന്ന ഘട്ടത്തിലാണ് കോയ മുസ്‌ലിയാര്‍ കടന്നു വന്നതും ബോര്‍ഡിംഗ് മദ്‌റസയിലെ സദര്‍ മുഅല്ലിമായി ചാര്‍ജെടുത്തതും. പിന്നീടങ്ങോട്ട് ഒരു അധ്യാപകന്‍ എന്നതിലുപരി സ്ഥാപനത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ പ്രമുഖനായി അദ്ദേഹം മാറി. ശരീഅത്ത് കോളേജ് മുദരിസ്, മര്‍കസ് ഫൈനാന്‍സ് മാനേജര്‍, റൈഹാന്‍ വാലി (ഓര്‍ഫനേജ് ) മാനേജര്‍ എന്നീ തസ്തികകള്‍ക്കപ്പുറം മര്‍കസിന്റെ സമ്മേളനങ്ങള്‍ സ്വന്തം വീട്ടിലെ അടിയന്തിരം പോലെ അദ്ദേഹം കൈകാര്യം ചെയ്തു.

മര്‍കസ് പബ്ലിക് റിലേഷന്‍ വിഭാഗത്തില്‍ സേവനം ചെയ്തിരുന്ന എ സി കോയ മുസ്‌ലിയാര്‍ സ്ഥാപനത്തെ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുന്നതിലും കാന്തപുരം ഉസ്താദിനും മറ്റ് മര്‍കസിന്റെ സാരഥികള്‍ക്കുമൊപ്പം നാടുനീളെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതിനും മുന്‍പന്തിയിലുണ്ടായിരുന്നു. ഓര്‍ഫനേജ് വിദ്യാര്‍ത്ഥികളുടെ പഠനത്തിലെ അഭിരുചി മനസ്സിലാക്കി അവര്‍ക്ക് മര്‍കസിന്റെ സമ്പൂര്‍ണ്ണ ചിലവില്‍ ഡോക്ടര്‍, എന്‍ജിനീയര്‍ തുടങ്ങിയ മേഖലകളില്‍ ഉന്നത പഠനം നടത്താന്‍ അദ്ദേഹം മുന്‍കൈ എടുത്ത് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു.

സ്ഥാപനത്തിലെ ജീവനക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കുന്നതിനൊപ്പം ജോലിയിലെ ഗൗരവം അവരെ ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി രോഗം തളര്‍ത്തി ഡോക്ടര്‍മാര്‍ വിശ്രമം ഉപദേശിച്ചെങ്കിലും കോയ മുസ്‌ലിയാര്‍ ഇടക്കിടെ മര്‍കസിലെത്താറുണ്ടായിരുന്നു.

ഞായറാഴ്ച രാവിലെയായിരുന്നു കോയ മുസ്ലിയാരുടെ വിയോഗം. വൈകീട്ട് നാലു മണിയോടെ മയ്യിത്ത് മര്‍കസില്‍ എത്തിച്ചു. ശേഷം മര്‍ക്കസ് മസ്ജിദുല്‍ ഹാമിലിയില്‍ നടന്ന മയ്യിത്ത് നിസ്‌ക്കാരത്തിന് സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. ഉസ്താദുമാരും വിദ്യാര്‍ത്ഥികളടക്കം ആയിരങ്ങള്‍ പങ്കെടുത്തു. പിന്നീട് സ്വദേശമായ ചൂലാം വയല്‍ ജുമുഅത്ത് പള്ളിയില്‍ നടന്ന മയ്യിത്ത് നിസ്‌ക്കാരത്തിന് കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍ നേതൃത്വം നല്‍കി.