ഇന്തോനേഷ്യന്‍ ഓപ്പണ്‍: കലാശപ്പോരില്‍ പി വി സിന്ധുവിന് തോല്‍വി

Posted on: July 21, 2019 4:57 pm | Last updated: July 21, 2019 at 5:16 pm

ജക്കാര്‍ത്ത: ഇന്ത്യയുടെ പി വി സിന്ധുവിനെ പരാജയപ്പെടുത്തി ജപ്പാന്‍ താരം അകാനെ യമഗുച്ചിക്ക് ഇന്തോനേഷ്യന്‍ ഓപ്പണ്‍ കിരീടം. സിന്ധുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലോക നാലാം നമ്പര്‍ താരം യമഗുച്ചി കിരീടം ഉയര്‍ത്തിയത്. സ്‌കോര്‍: 21-15, 21-16.

ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ ശക്തമായ പോരാട്ടം കാഴ്ച വെച്ച സിന്ധുവിന് പിന്നീട് ഫോം നഷ്ടപ്പെടുകയായിരുന്നു. ആദ്യ ഗെയിമില്‍ 11-8 എന്ന നിലയില്‍ സിന്ധു മുന്നിട്ടു നിന്നെങ്കിലും തുടര്‍ച്ചയായ ഒന്‍പത് പോയിന്റുകള്‍ നേടി യമഗുച്ചി കരുത്ത് പ്രകടിപ്പിച്ചു.

ഈ വര്‍ഷത്തെ സിന്ധുവിന്റെ ആദ്യ ഫൈനല്‍ പോരാട്ടമായിരുന്നു ഇത്. മാര്‍ച്ചില്‍ നടന്ന ഇന്ത്യന്‍ ഓപ്പണിലും ഏപ്രിലില്‍ സിംഗപ്പൂര്‍ ഓപ്പണിലും സിന്ധു സെമിയില്‍ പുറത്തായിരുന്നു. ഈ മാസം തന്നെ നടക്കുന്ന ജപ്പാന്‍ ഓപ്പണിലും, ഓഗസ്റ്റില്‍ തായ്!ലന്‍ഡ് ഓപ്പണിലും സിന്ധു മല്‍സരിക്കും.