Connect with us

National

ഓര്‍മയാകുന്നത് ഡല്‍ഹിയുടെ വികസന മുഖം

Published

|

Last Updated

മൂന്ന് തവണ ഡല്‍ഹിയുടെ മുഖ്യമന്ത്രി പദം അലങ്കരിച്ച ഷീലാ ദീക്ഷിത് ഡല്‍ഹിയുടെ വികസന മുഖം കൂടിയായിരുന്നു. ഡല്‍ഹിയുടെ സര്‍വതോന്മുഖ വികസനത്തില്‍ ഷീലാ ദീക്ഷിതിന്റെകൈയൊപ്പുണ്ട് . മൂന്ന് തവണ തുടര്‍ച്ചയായി ഡല്‍ഹി മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിതാണ് ഡല്‍ഹിയുടെ ഘടന തന്നെ മാറ്റി മറിച്ചത്. ഗതാഗത-റോഡ് വികസനമായിരുന്നു ഏറ്റവും ശ്രദ്ധേയം. ഡല്‍ഹിയില്‍ ആവശ്യമായ ഫ്ളൈ ഓവറുകളും റോഡ് ഗതാഗത്തിലെ നാഴികക്കല്ലായ റിംഗ് റോഡുകള്‍ നിര്‍മിച്ചതും ഷീലാ ദീക്ഷിതിന്റെ കാലത്താണ്. സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് പകരം പൊതു ഗതാഗതം സമ്പൂര്‍ണമായും സര്‍ക്കാര്‍ വത്കരിച്ചത് മറ്റൊരു നേട്ടമാണ്.

രാജ്യ തലസ്ഥാനത്തെ ഏറ്റവും സുഗമമായ ഗതാഗത മാര്‍ഗമായ മെട്രോ റെയില്‍ സ്ഥാപിക്കുന്നതിലും ഷീലാ ദീക്ഷിതിന്റെ പ്രയത്‌നം എടുത്തു പറയേണ്ടതാണ്. സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിച്ച അന്താരാഷ്ട്ര നിലവാരമുള്ള വിമാനത്താവളം, അന്തരീക്ഷ മലിനീകരണം കുറച്ച സി എന്‍ജി, വൈദ്യുതി-ജല മേഖലകളിലെ പരിഷ്‌കാരങ്ങള്‍ തുടങ്ങിയവ ഷീല ദീക്ഷിതിന്റെ എടുത്തുപറയേണ്ട നേട്ടങ്ങളാണ്.

അഞ്ച് മാസത്തോളം കേരള ഗവര്‍ണറായും പ്രവര്‍ത്തിച്ച ദീക്ഷിത് മലയാളികളുമായി അടുത്ത ബന്ധവും സ്‌നേഹവും പുലര്‍ത്തിയിരുന്നു. ജനുവരി 2009ലാണ് ഷീല തുടര്‍ച്ചയായ മൂന്നാം തവണയും മുഖ്യമന്ത്രിയായത്. ഡല്‍ഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായിരുന്നു അവര്‍. ഡല്‍ഹിയിലെ ഗോല്‍ മാര്‍ക്കറ്റ് മണ്ഡലത്തില്‍ നിന്നാണ് ഷീല എം എല്‍എ ആയത്.

2013ല്‍ ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി ചെയര്‍മാന്‍ അരവിന്ദ് കെജ്‌രിവാളിനോാട് പരാജയപ്പെട്ടതോടെയാണ് രാഷ്ട്രീയത്തില്‍ ഷീലാ ദീക്ഷിതിന്റെ തിരിച്ചടികള്‍ക്ക് തുടക്കം കുറിച്ചത്. ഡല്‍ഹിയെ നടുക്കിയ 2012ലെ കൂട്ട ബലാത്സംഗവും കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും തിരിച്ചടിക്ക് ആക്കം കൂട്ടി. കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ നിന്ന് അവര്‍ പിന്നീട് കുറ്റവിമുക്തിയായെങ്കിലും ഭരണ സാരഥ്യത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകള്‍ ഇല്ലാതാക്കും വിധം ഡല്‍ഹിയിലെയും കേന്ദ്രത്തിലെയും രാഷ്ട്രീയ സാഹചര്യം മാറിപ്പോയിരുന്നു.