Connect with us

National

കശ്മീര്‍ പ്രശ്‌നം പരിഹരിക്കും, തടയാന്‍ ഒരു ശക്തിക്കും കഴിയില്ല: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

Published

|

Last Updated

ശ്രീനഗര്‍: കശ്മീര്‍ പ്രശ്‌നം പരിഹരിക്കുമെന്നും അതു തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും പ്രതിരോധ മന്ത്രി രാജ്്‌നാഥ് സിംഗ്. ചര്‍ച്ചയിലൂടെ പരിഹാരം വേണ്ടെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ എങ്ങനെ പരിഹാരം കണ്ടെത്തണമെന്ന് തങ്ങള്‍ക്ക് അറിയാമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ജമ്മു കശ്മീരിലെ കത്വയില്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ (ബി ആര്‍ ഒ) നിര്‍മിച്ച ഉജ് പാലം ഉദ്ഘാടനം ചെയ്ത ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയുടെ മാത്രമല്ല. ലോകത്തിന്റെ തന്നെ പറുദീസയാക്കി കശ്മീരിനെ മാറ്റിത്തീര്‍ക്കുകയാണ് ലക്ഷ്യം.

ഒരു തവണയെങ്കിലും പരസ്പരം സംസാരിച്ച് എന്താണ് വിഷയമെന്നും എന്താണ് പ്രശ്‌നങ്ങളെന്നും മനസ്സിലാക്കാന്‍ കശ്മീരില്‍ പ്രക്ഷോഭം നടത്തുന്നവര്‍ തയാറാകണം. ഒന്നിച്ചിരുന്നാല്‍ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. സ്വന്തം മക്കളെ വിദേശത്തു പഠിക്കാന്‍ അയച്ചിട്ട് മറ്റു കുട്ടികളെ അക്രമത്തിനു പ്രേരിപ്പിക്കുന്ന കശ്മീരിലെ വിഘടനവാദി നേതാക്കളെ അദ്ദേഹം വിമര്‍ശിച്ചു.

ഭീകരതയില്‍ നിന്ന് ജമ്മു കശ്മീരിനെ സ്വതന്ത്രമാക്കണം. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെയും സഹായത്തോടെയും അതു സാധ്യമാകുമെന്നു തന്നെയാണ് കരുതുന്നത്. കശ്മീരിന്റെ ത്വരിതഗതിയിലുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഉജ് നദിക്കു മുകളില്‍ 50 കോടി ചെലവിട്ടു നിര്‍മിച്ച പാലം 1000 മീറ്റര്‍ നീളമുള്ളതാണ്. നേരത്തെ സാമ്പയില്‍ ബസന്ദര്‍ നദിക്കു കുറുകെയുള്ള പാലവും മന്ത്രി ഉദ്ഘാടനം ചെയ്തു. 41.7 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഈ പാലത്തിന് 617 മീറ്റര്‍ നീളമുണ്ട്. നാടിന്റെ വികസനത്തില്‍ പാലങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രതികൂല കാലാവസ്ഥയെ മറികടന്ന പാലം നിര്‍മാണം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും തൊഴിലാളികളെയും അദ്ദേഹം അഭിനന്ദിച്ചു.

---- facebook comment plugin here -----

Latest