Connect with us

National

തൃണമൂലിന്റെ രക്തസാക്ഷി ദിന റാലി തകര്‍ക്കാന്‍ ബി ജെ പി ശ്രമിക്കുന്നു: മമത ബാനര്‍ജി

Published

|

Last Updated

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഇന്നത്തെ രക്തസാക്ഷി ദിന റാലി തകര്‍ക്കാന്‍ ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഞായറാഴ്ചകളില്‍ പതിവായി ബംഗാളിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ഭൂരിഭാഗവും റദ്ദാക്കിയതായി മമത ആരോപിച്ചു. റാലിയിലേക്ക് ആളുകള്‍ എത്താതിരിക്കുന്നതിനു വേണ്ടിയാണിത്.

റാലിയില്‍ പങ്കെടുക്കാന്‍ പോകുന്ന തൃണമൂല്‍ പ്രവര്‍ത്തകരെ ബസുകളില്‍ നിന്ന് പുറത്തിറക്കി തടഞ്ഞുവെക്കുമെന്ന്‌
ഭീഷണിപ്പെടുത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനെതിരെ ടി എം സി എഫ് ഐ ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

റാലിയും മറ്റു പരിപാടികളും സംഘടിപ്പിക്കാന്‍ എല്ലാ പാര്‍ട്ടികള്‍ക്കും അവകാശമുണ്ടെന്നും അതു തടയാന്‍ കഴിയില്ലെന്നും റാലിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയ മമത റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കവെ പറഞ്ഞു.

1993 ജൂലൈ 21ന് 13 പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടതിന്റെ അനുസ്മരണാര്‍ഥമാണ് ടി എം സി രക്തസാക്ഷി ദിനം ആചരിക്കുന്നത്. രക്തസാക്ഷി ദിന റാലിയിലാണ് പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ അധ്യക്ഷയായ മമത പ്രഖ്യാപിക്കാറുള്ളത്. ഇത്തവണ 2021ല്‍ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനെ കേന്ദ്രീകരിച്ചായിരിക്കും ഇത്തവണ മമതയുടെ പ്രസംഗമെന്ന് അഭ്യൂഹങ്ങളുണ്ട്.