Connect with us

National

പൂജ നടത്തുമെന്ന് ശിവസേനയുടെ ഭീഷണി: താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിച്ചു

Published

|

Last Updated

ആഗ്ര: രാജ്യത്തിന്റെ അഭിമാനവും ലോകാദ്ഭുതങ്ങളിലൊന്നുമായ താജ് മഹലില്‍ പൂജ നടത്തി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശിവസേനയുടെ നീക്കം. ഇവിടെ പൂജ നടത്തുമെന്ന് ശിവസേന ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തില്‍ നിലവിലുള്ള സൈനിക സുരക്ഷ വര്‍ധിപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ അപേക്ഷ പരിഗണിച്ചാണ് സുരക്ഷ വര്‍ധിപ്പിച്ചത്. നഗരത്തിലെ സമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ജില്ലാ അഡിഷണല്‍ മജിസ്‌ട്രേറ്റ് കെ പി സിംഗ് പ്രതികരിച്ചു. വ്യക്തമാക്കി. ഹിന്ദു കലണ്ടര്‍ പ്രകാരം പുണ്യമാസമായി പരിഗണിക്കുന്ന സാവന്‍ (ജൂലൈ- ആഗസ്റ്റ്) മാസത്തിലെ എല്ലാ തിങ്കളാഴ്ചയും താജ് മഹലില്‍ ആരതി നടത്തുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം. എന്നാല്‍ സംരക്ഷിത സ്മാരകമായ ഇവിടെ ഏത് തരത്തിലുള്ള പൂജ നടത്തുന്നതും വലിയ കുറ്റകൃത്യമാണെന്നിരിക്കെ ശിവസേനയുടെ വെല്ലുവിളിയെ വളരെ ഗൗരവത്തോടെ നേരിടാനാണ് ജില്ലാ ഭരണകൂടുത്തിന്റെ തീരുമാനം.

ജൂലൈ 17ന് ജില്ലാ ഭരണകൂടത്തെ വെല്ലുവിളിച്ച ആഗ്ര ശിവസേന നേതാവ് വീണു ലവനിയയാണ് പൂജ നടത്തുമെന്ന് പ്രഖ്യാപിച്ചത്. ശിവക്ഷേത്രമായിരുന്നു താജ്മഹലെന്നും ഇത് തകര്‍ത്താണ് മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ താജ്മഹല്‍ നിര്‍മിച്ചതെന്നുമുള്ള നട്ടാല്‍ മുളക്കാത്ത നുണ പറഞ്ഞാണ് സംഘര്‍ഷത്തിന് ശ്രമിക്കുന്നത്.

എന്നാല്‍ പുരാവസ്തുവകുപ്പ് സൂപ്രണ്ട് ഇതിനെ എതിര്‍ക്കുകയും ഇതുവരെ അവിടെ പൂജയോ ആരതിയോ നടന്നിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളിലും താജ് മഹലില്‍ പൂജ നടത്താന്‍ ഹിന്ദു തീവ്രസംഘടനകളും നേതാക്കളും തയ്യാറായിരുന്നു. കഴിഞ്ഞ വര്‍ഷം തീവ്ര ഹിന്ദുത്വ സംഘടനയിലെ അംഗമായ സ്ത്രീകള്‍ ഇവിടെ പൂജ നടത്തിയിരുന്നു. 2008ല്‍ പരികര്‍മ എന്ന പേരില്‍ പ്രാര്‍ഥന നടത്തിയ ശിവസേനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.