ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു

  Posted on: July 20, 2019 4:27 pm | Last updated: July 21, 2019 at 9:23 am

  ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേരള ഗവര്‍ണറുമായ
  ഷീലാ ദീക്ഷിത് (81) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

  ‘ഡല്‍ഹിയുടെ മരുമകള്‍

  ഏറ്റവും കൂടുതല്‍ കാലം ഡല്‍ഹിയുടെ മുഖ്യമന്ത്രിയായ വ്യക്തിയാണ്. മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രിയായി. 1998 മുതല്‍ 2013 വരെയാണ് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയായത്. ഡല്‍ഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷീല. നിലവില്‍ ഡല്‍ഹി പി സി സി അധ്യക്ഷയായിരുന്നു. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭകളിലും അംഗമായിരുന്നു.

  2013ല്‍ കെജ്രിവാളിനോട് തോറ്റു

  എ എ പിയുടെ കടന്നു വരവായിരുന്നു തുടര്‍ച്ചയായ 15 വര്‍ഷത്തെ ഭരണത്തിനു ശേഷം ഷീലാ ദീക്ഷിത്തിന്റെ പതനത്തിന് കാരണമായത്.  2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി ചെയര്‍മാന്‍ അരവിന്ദ് കെജ്രിവാളിനോടാണ് ഷീല പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്നു മാറിനിന്നെങ്കിലും കേരള ഗവര്‍ണര്‍ അടക്കമുള്ള പദവികള്‍ വഹിച്ച ശേഷം വീണ്ടും രാഷ്ട്ട്രീയത്തില്‍ തിരിച്ചെത്തി.

  അഞ്ച് മാസം കേരള ഗവര്‍ണര്‍

  ഡല്‍ഹിയിലെ പതനത്തിന് ശേഷം ഷീല ദീക്ഷിത്തിനെ കേരള ഗവര്‍ണറാക്കി യു പി എ സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. അഞ്ച് മാസം ഈ സ്ഥാനത്ത് തുടര്‍ന്നു. 2014ല്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം യു പി എ സര്‍ക്കാര്‍ നിയമിച്ച പന്ത്രണ്ടോളം ഗവര്‍ണര്‍മാരെ നീക്കാന്‍ ശ്രമിച്ചിരുന്നു. ഇതോടെ ഷാല ദീക്ഷിത് രാജിവെക്കുകയായിരുന്നു.

  ഗവര്‍ണറായിരുന്ന കാലത്തെ അവരെടുത്ത നിര്‍ണായകമായ ഒരു തീരുമാനം, എം ജി സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്ന ഡോ. എ വി ജോര്‍ജിനെ പിരിച്ചുവിട്ടതാണ്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു വി സി യെ ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണര്‍ പിരിച്ചുവിടുന്നത്.

  1938 മാര്‍ച്ച് 31ന് ബ്രിട്ടിഷ് ഇന്ത്യയിലെ കപൂര്‍ത്തലയിലാണ് ജനനം. പരേതനായ വിനോദ് ദീക്ഷിത് ആണ് ഭര്‍ത്താവ്. മക്കള്‍: സന്ദീപ് ദീക്ഷിത്, ലതികാ ദീക്ഷിത്.