കടലില്‍ കാണാതായ ഏഴ് മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു; ആശങ്കയോടെ കുടുംബാംഗങ്ങള്‍

Posted on: July 20, 2019 10:18 am | Last updated: July 20, 2019 at 5:42 pm

തിരുവന്തപുരം: വിഴിഞ്ഞത്ത് നിന്നും കൊല്ലത്ത് നിന്നും കടലില്‍ കാണാതായ ഏഴ് മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ബുധനാഴ്ച വൈകിട്ട് വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട ബോട്ടിലുള്ളവരെ കുറിച്ചാണ് വിവരം ലഭ്യമല്ലാതായ്.പുല്ലുവിള സ്വദേശികളായ ആന്റണി, യേശുദാസന്‍, പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി എന്നിവരാണ് ബോട്ടിലുള്ളത്. വ്യാഴാഴ്ച രാവിലെയോടെയാണ് ഇവര്‍ തിരിച്ചെത്തേണ്ടിയിരുന്ന്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരസംരക്ഷണ സേനയും തിരിച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. കൊച്ചിയില്‍ നിന്ന് ഡോണിയര്‍ വിമാനവും ഹെലികോപ്ടറുകളും എത്തിച്ച് തിരച്ചില്‍ നടത്തുമെന്ന് അറിയിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ ശ്രമം നടന്നില്ല. ഇന്ന് രാവിലെയോടെ വിമാനം എത്തിച്ച് തിരച്ചില്‍ തുടരുമെന്നാണ് അറിയുന്നത്.

കൊല്ലം ശക്തിക്കുളങ്ങരയില്‍നന്നും മത്സ്യബന്ധനത്തിനുപോയ വള്ളം ശക്തമായ തിരമാലയില്‍പ്പെട്ട് അഞ്ച് പേര്‍ അപകടത്തില്‍പ്പെട്ടു. ഇതില്‍ തമിഴ്‌നാട് നീരോടി സ്വദേശികളായ നിക്കോളാസ്, സ്റ്റാലിന്‍ എന്നിവര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും വള്ളത്തിലുണ്ടായിരുന്ന രാജു, ജോണ്‍ബോസ്‌കൊ, സഹായരാജു എന്നിവരെ ഇതുവരെ കണ്ടെത്താനായില്ല. ഇവര്‍ക്കായുള്ള തിരച്ചിലും തുടരുകയാണ്. കനത്ത മഴയില്‍ കടല്‍ പ്രക്ഷുബ്ധമായത് തിരച്ചിലിനെ ബാധിക്കുന്നുണ്ട്. അതേസമയം കാണാതായവരെ കണ്ടെത്താനാകാത്തത് കുടുംബാംഗങ്ങളില്‍ ആശങ്ക പരത്തുകയാണ്.