Connect with us

Editorial

ഇന്ത്യയുടെ നയതന്ത്ര വിജയം, പക്ഷേ

Published

|

Last Updated

ഇന്ത്യന്‍ നാവിക സേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിനുള്ള അംഗീകാരമാണ് പാക്കിസ്ഥാന്‍ കോടതി അദ്ദേഹത്തിനു വിധിച്ച വധശിക്ഷ തടഞ്ഞു കൊണ്ടുള്ള അന്താരാഷ്ട്ര കോടതി വിധി. ഇന്ത്യ സമര്‍പ്പിച്ച ഹരജിയില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി ജഡ്ജി അബ്ദുല്‍ ഖാവി അഹ്‌മദ് യൂസുഫ് നടത്തിയ വിധി പ്രസ്താവത്തില്‍ വധശിക്ഷ പുനഃപരിശോധിക്കാനും കുല്‍ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ പല തവണ പാക്കിസ്ഥാന് കത്ത് നല്‍കിയിരുന്നു. ഇതവഗണിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. വിചാരണ സ്വതന്ത്രമായിരുന്നില്ലെന്നും നിയമ സഹായം എത്തിക്കാന്‍ ഇന്ത്യയെ അനുവദിച്ചില്ലെന്നും കോടതിയെ ഇന്ത്യ ബോധിപ്പിച്ചിരുന്നു.

കേസില്‍ രാജ്യാന്തര കോടതിക്ക് ഇടപെടാനാകില്ലെന്നും, ചാരവൃത്തിക്ക് അറസ്റ്റിലായവരുടെ കേസില്‍ വിയന്ന ഉടമ്പടി ബാധകമല്ലെന്നുമുള്ള വാദം പാക്കിസ്ഥാന്‍ ഉയര്‍ത്തിയെങ്കിലും കോടതി സ്വീകരിച്ചില്ല. പാക്കിസ്ഥാന്‍ ആരോപിക്കുന്നതു പോലെ ജാദവ് ചാരവൃത്തി നടത്തിയതിന് തെളിവുകളില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

അന്യരാജ്യത്ത് അറസ്റ്റിലാകുന്ന പൗരന്മാര്‍ക്ക് നയതന്ത്ര സഹായം വ്യവസ്ഥ ചെയ്യുന്ന വിയന്ന ഉടമ്പടിയും അതുപ്രകാരം ജാദവിന് നയതന്ത്ര സഹായം നല്‍കാനുള്ള ഇന്ത്യയുടെ അവകാശവും പാക്കിസ്ഥാന്‍ ലംഘിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. കുല്‍ഭൂഷണെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കാതിരുന്നതിലൂടെ വിയന്ന കരാറിന്റെ വ്യക്തമായ ലംഘനമാണ് പാക്കിസ്ഥാന്‍ നടത്തിയതെന്നും കോടതി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര കോടതിയിലെ 16 ജഡ്ജിമാരില്‍ 15 പേരും ഇന്ത്യക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പാക്കിസ്ഥാനില്‍ നിന്നുള്ള ജഡ്ജി തസാദഖ് ഹുസൈന്‍ ഗീലാനി മാത്രമാണ് വിധിയെ എതിര്‍ത്തത്. പ്രമുഖ ഇന്ത്യന്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കുല്‍ഭൂഷണ് വേണ്ടി വാദിച്ചത്. കുല്‍ഭൂഷണ്‍ ഇന്ത്യന്‍ ചാര സംഘടനയില്‍ അംഗമാണെന്നു സന്ദേഹം ജനിപ്പിക്കുന്ന ചില പ്രമുഖ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരുടെ പരാമര്‍ശങ്ങളും ഇന്ത്യന്‍ മാധ്യമങ്ങളില്‍ ആ വിഷയകമായി അവരെഴുതിയ ലേഖനങ്ങളുമാണ് രാജ്യാന്തര കോടതിയില്‍ പാക്കിസ്ഥാന്‍ സമര്‍പ്പിച്ച പ്രധാന തെളിവ്.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിന് (റോ) വേണ്ടി ചാരപ്പണി നടത്തുന്നയാളാണ് കുല്‍ഭൂഷണെന്ന ആരോപണത്തില്‍ 2016 മാര്‍ച്ചില്‍ ബലൂചിസ്ഥാനിലെ മഷ്‌കലില്‍ നിന്നാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാക്കിസ്ഥാന്‍ പിടികൂടിയത്. പാക് പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. റോയുടെ നിര്‍ദേശ പ്രകാരം ബലൂചിസ്ഥാനില്‍ കലാപം ഉണ്ടാക്കി പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ കുല്‍ഭൂഷണ്‍ ശ്രമിച്ചതായി പാക്കിസ്ഥാന്‍ ആരോപിക്കുന്നു. തുടര്‍ന്ന് 2017 ഏപ്രിലില്‍ പാക് ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാർഷൽ കുല്‍ഭൂഷണ് വധശിക്ഷ വിധിച്ചു. അതേസമയം, ബിസിനസ് ആവശ്യത്തിന് ഇറാനിലെത്തിയ ജാദവിനെ പാക്കിസ്ഥാന്‍ ബലൂചിസ്ഥാനിലേക്ക് തട്ടിക്കൊണ്ടു വന്നതാണെന്നും പാക്കിസ്ഥാന്റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചത്. പാക് സൈനിക കോടതിയുടെ വധശിക്ഷ വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥകളുടെ ലംഘനമാണെന്നും ഇന്ത്യ ബോധിപ്പിച്ചു.

അതിനിടെ പാക്കിസ്ഥാന്‍ വാര്‍ത്താവിതരണ മന്ത്രി പര്‍വേസ് റശീദ്, സൈനിക വക്താവ് ലഫ്. ജനറല്‍ അസിം സലിം ബജ്വ എന്നിവര്‍ ഇസ്‌ലാമാബാദില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ കുല്‍ഭൂഷണ്‍ ജാദവ് കുറ്റസമ്മതം നടത്തുന്ന വീഡിയോ പുറത്തു വിട്ടിരുന്നു. നാവിക സേനാ ഉദ്യോഗസ്ഥനാണ് താനെന്നും ഇന്ത്യന്‍ ചാരസംഘടന റോ ആണ് തന്നെ നിയന്ത്രിക്കുന്നതെന്നും കുല്‍ഭൂഷണ്‍ ഏറ്റുപറയുന്നതാണ് വീഡിയോ. കുല്‍ഭൂഷണ്‍ സ്വമനസ്സാലെയല്ല കുറ്റസമ്മതം നടത്തിയത്, പാക് അധികൃതരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നായിരുന്നു ഇന്ത്യയുടെ ഇതിനോടുള്ള പ്രതികരണം.

അന്താരാഷ്ട്ര കോടതി പാക്കിസ്ഥാന്റെ ചാരവൃത്തി ആരോപണം മുഖവിലക്കെടുക്കാതിരിക്കുകയും, കേസില്‍ നീതിപൂര്‍വക വിചാരണ ഉറപ്പാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തത് ഇന്ത്യക്ക് ആശ്വാസകരമാണെങ്കിലും കോടതി വിധിയോട് പാക്കിസ്ഥാന്‍ എന്തു സമീപനം സ്വീകരിക്കുമെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്. കടലാസ് പുലികളാണ് യഥാര്‍ഥത്തില്‍ അന്താരാഷ്ട്ര കോടതികള്‍. ഉത്തരവ് പുറപ്പെടുവിക്കാനല്ലാതെ അത് നടപ്പാക്കാനുള്ള അധികാരമോ സംവിധാനമോ അവര്‍ക്കില്ല. അമേരിക്കയുള്‍പ്പെടെ പല രാജ്യങ്ങളും അന്താരാഷ്ട്ര കോടതി വിധികളെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, ഫലസ്തീന്‍ കേസുകളില്‍ രാജ്യാന്തര ക്രിമിനല്‍ കോടതി അമേരിക്കക്കെതിരായ നിലപാട് സ്വീകരിച്ചപ്പോള്‍, തങ്ങളുടെ പൗരന്മാര്‍ക്കെതിരെ നടപടിയെടുത്താല്‍ രാജ്യാന്തര കോടതിക്കെതിരെ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തുമെന്ന ഭീഷണിയായിരുന്നു അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടായത്.

കുല്‍ഭൂഷണ്‍ കേസില്‍ പാക്കിസ്ഥാന്‍ തന്നെ നേരത്തെ അന്താരാഷ്ട്ര കോടതി വിധിയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. കേസിന്റെ തുടക്കത്തില്‍ കുല്‍ഭൂഷണെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ അനുവദിക്കണമെന്നും കുല്‍ഭൂഷണ് കോണ്‍സുലേറ്റ് സഹായം ലഭ്യമാക്കണമെന്നും കോടതി ആവശ്യപ്പെട്ടപ്പോള്‍ കോടതി വിധി അംഗീകരിക്കില്ലെന്നായിരുന്നു പാക് ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ പ്രതികരണം. രാജ്യാന്തര കോടതിയുടെ ഇടപെടല്‍ അധികാര പരിധിക്ക് പുറത്തുള്ളതാണെന്നും പാക്കിസ്ഥാന്‍ കുറ്റപ്പെടുത്തി. ഇപ്പോഴത്തെ കോടതി വിധിയിലും സമാനമായ സമീപനമാണ് പാക്കിസ്ഥാന്‍ സ്വീകരിക്കുന്നതെങ്കില്‍ കുല്‍ഭൂഷണിന്റെ ഭാവി അനിശ്ചിതമായി തന്നെ തുടരും.