Connect with us

Kerala

സംസ്ഥാനത്ത് കനത്ത മഴ; കോഴിക്കോടും കണ്ണൂരുമായി 26 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Published

|

Last Updated

വെള്ളത്തിലായ കോഴിക്കോട് നഗരത്തില്‍ നിന്നുള്ള കാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. ഇതിന് പുറമെ കനത്ത മഴ പെയ്ത കോഴിക്കോടും കണ്ണൂരിലും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കോഴിക്കോട് നല്ലളത്ത് 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കണ്ണൂര്‍ താഴെത്തെരുവില്‍ ഏഴ് കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. കനത്ത മഴയില്‍ കോഴിക്കോട് നഗരം വെള്ളത്തിലായി. നഗരത്തില്‍ മാവൂര്‍ റോഡില്‍ വെള്ളം പൊങ്ങിയതിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇരുചക്ര വാഹനയാത്രക്കാരടക്കമുള്ളവരാണ് വെള്ളപ്പൊക്കത്തില്‍ ഏറെ വലഞ്ഞത്.

തലശേരി ബസ്റ്റാന്‍ഡില്‍ വെള്ളം കയറിയ നിലയില്‍

അതേ സമയം കനത്ത മഴയില്‍ വാഗമണ്‍ തീക്കോയി റോഡില്‍ മണ്ണിടിഞ്ഞു. ഇവിടെ മണ്ണുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഇടുക്കിയിലും പലയിടത്തും മണ്ണിടിഞ്ഞു. പാംബ്ല അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി. മലങ്കര അണക്കെട്ടിന്റെ ഷട്ടര്‍ വൈകിട്ട് ഉയര്‍ത്തും. പമ്പയില്‍ ജലനിരപ്പുയര്‍ന്ന് മണല്‍പ്പുറത്തെ കടകളില്‍ വെള്ളം കയറി.

കോഴിക്കോട് പുതിയസ്റ്റാന്‍ഡ്

ഇടുക്കിയില്‍ നാളെയും അലര്‍ട്ട് തുടരും. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് , മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവര്‍ എന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയ കുടുംബങ്ങളെ മാറ്റേണ്ട സാഹചര്യമുണ്ടെങ്കില്‍ അതാതു വില്ലേജുകളില്‍ ക്യാംപുകള്‍ തുടങ്ങാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തേണ്ടതാണെന്നു ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാനത്തും ലക്ഷദ്വീപിലും കനത്ത കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

കോഴിക്കോട് നഗരത്തില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍:

ചിത്രങ്ങള്‍: ഫവാസ് ജല്ല

 

 

---- facebook comment plugin here -----

Latest