Connect with us

National

ചികിത്സക്ക് പണം കണ്ടെത്താനായില്ല; അഞ്ച് വയസുകാരനെ അച്ഛന്‍ സുഹൃത്തിനെക്കൊണ്ട് കൊലപ്പെടുത്തി

Published

|

Last Updated

ബെംഗളൂരു: കര്‍ണ്ണാടകയില്‍ ദേവനഗരിയില്‍ അപസ്മാര രോഗിയായ അഞ്ച് വയസുകാരനായ മകനെ ചികിത്സിക്കാന്‍ പണം കണ്ടെത്താന്‍ കഴിയാതിരുന്ന അച്ഛന്‍ മകനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. കൂലിത്തൊഴിലാളിയായ പിതാവാണ് പണം കൊടുത്ത് സുഹൃത്തിനെക്കൊണ്ട് മകനെ കൊലപ്പെടുത്തിയത്. സംഭവം പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് പിതാവിനേയും സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു.
അപസ്മാര രോഗിയായ മകന്‍ ബാസവരാജുവിനെ ചികിത്സക്കായി മൂന്ന് വര്‍ഷത്തിനുള്ളില്‍ നാല് ലക്ഷം രൂപ ചെലവായെങ്കിലും രോഗം ഭേദമായില്ലെന്ന് പിതാവായ ജയപ്പ പോലീസിനോട് പറഞ്ഞു. ചികിത്സയ്ക്കായി കൂടുതല്‍ പണത്തിന് ഏറെ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

ഇതേത്തുടര്‍ന്നാണ് മകനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും ജയപ്പ പോലീസില്‍ മൊഴി നല്‍കി. ഇതിനായി സുഹൃത്ത് മഹേഷിനെ സമീപിച്ചു. ഇരുവരും ഒരു ബാറില്‍ വെച്ച് കണ്ടുമുട്ടുകയും തുടര്‍ന്ന് തന്റെ പ്രശ്‌നങ്ങള്‍ മഹേഷിനോട് ജയപ്പ പറയുകയും ചെയ്തു. മകനെ കൊല്ലാന്‍ സഹായിക്കണമെന്നും വേദനയില്ലാതെ കൊലപ്പെടുത്തണമെന്നും ജയപ്പ ആവശ്യപ്പെട്ടു. വേദനയില്ലാതെ മകനെ കൊല്ലാമെന്നും ഇതിനായി ഒരു ഇഞ്ചെക്ഷന്‍ വേണമെന്നും 25,000 രൂപയാണ് വിലയെന്നും മഹേഷ് പറഞ്ഞു. കൂടാതെ 25,000 രൂപ തനിക്ക് പ്രതിഫലമായി നല്‍കണമെന്നും മഹേഷ് ആവശ്യപ്പെട്ടു. ജയപ്പ ഇത് സമ്മതിച്ചുവെങ്കിലും ഇഞ്ചക്ഷന്‍ കണ്ടെത്താന്‍ മഹേഷിനായില്ല. ഇതോടെ എങ്ങനെ എങ്കിലും മകനെ കൊന്നാല്‍ മതിയെന്നും 25000 രൂപ തരാമെന്നും ജയപ്പ മഹേഷിനോട് പറഞ്ഞു.

തുടര്‍ന്ന് ഭാര്യയെയും മറ്റു നാല് മക്കളെയും ജയപ്പ ബന്ധുവീട്ടിലേക്ക് പറഞ്ഞുവിട്ടു. രാത്രിയില്‍ മഹേഷ് ജയപ്പയുടെ വീട്ടിലെത്തി കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി . പിറ്റേ ദിവസം അപസ്മാരം ബാധിച്ച് കുട്ടി മരിച്ചു എന്ന കഥ മെനഞ്ഞുണ്ടാക്കി. കുട്ടിക്ക് അപസ്മാരബാധയുള്ളതിനാല്‍ തന്നെ നാട്ടുകാരില്‍ പലരും വിശ്വസിച്ചു. എന്നാല്‍ സുഹൃത്ത് രാത്രി വീട്ടിലെത്തിയതും പിറ്റേ ദിവസം കുട്ടി മരിച്ചതും ചിലരില്‍ സംശയമുണ്ടാക്കി. ഇവര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തായത്.

Latest