Connect with us

Ongoing News

വിന്‍ഡീസ് പര്യടനം: കോലി, ധോണി ടീമിലുണ്ടായേക്കില്ല; മായങ്ക്, മനീഷ്, ശ്രേയസ് സാധ്യതാ പട്ടികയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: നായകന്‍ വിരാട് കോലിക്ക് വിശ്രമം, സീനിയര്‍ താരവും 38കാരനുമായ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാവി…വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ നിര്‍ണയിക്കുന്നതിന് വെള്ളിയാഴ്ച ചേരുന്ന ദേശീയ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍ ഇവയായിരിക്കും. ഫിനിഷിംഗിലുള്ള കഴിവ് ലോകകപ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാതിരുന്നത് ധോണിക്ക് തിരിച്ചടിയായിട്ടുണ്ട്. വിരമിക്കലിനെ കുറിച്ച് ധോണി ആലോചിക്കുന്നതായി അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ കമ്മിറ്റിയില്‍ ഇക്കാര്യം ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. എന്നാല്‍, വിരമിക്കലിനെ കുറിച്ചുള്ള നിലപാട് മുന്‍ നായകന്‍ ഇതേവരെ വ്യക്തമാക്കിയിട്ടില്ല. വിന്‍ഡീസ് പര്യടനത്തില്‍ ഉള്‍പ്പെടുത്തുമോ, ഒഴിവാക്കുമോ എന്നതിനെ ആശ്രയിച്ചാകും ദേശീയ ക്രിക്കറ്റ് ടീമിലെ അദ്ദേഹത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുക.

ആഗസ്റ്റ് മൂന്നിനാണ് വിന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്. ടി ട്വന്റികള്‍ക്കും ഏകദിനങ്ങള്‍ക്കും പുറമെ രണ്ടു ടെസ്റ്റുകളും കരീബിയന്‍ മണ്ണില്‍ ഇന്ത്യ കളിക്കും. അടുത്ത വര്‍ഷം ആസ്‌ത്രേലിയയില്‍ നടക്കുന്ന ടി ട്വന്റി ലോകകപ്പ് കൂടി ലക്ഷ്യമിട്ട് ധോണിയുടെ പിന്മുറക്കാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും യുവതാരവുമായ ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതകളും ഏറെയാണ്. കഴിഞ്ഞ ഒക്ടോബറില്‍ വിന്‍ഡീസിനും ഓസീസിനും എതിരെ നടന്ന ടി ട്വന്റി പരമ്പരകളില്‍ നിന്ന് ധോണിയെ ഒഴിവാക്കിയിരുന്നു. ഇതുതന്നെ ഇത്തവണയും  സംഭവിച്ചേക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തല്‍. ലോകകപ്പില്‍ പരുക്കേറ്റ ശിഖര്‍ ധവാനു പകരക്കാരനായി പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

സെപ്തംബറില്‍ ആരംഭിക്കുന്ന നിരവധി മത്സരങ്ങള്‍ മുന്‍നിര്‍ത്തി നായകന്‍ വിരാട് കോലിക്ക് വിശ്രമമനുവദിച്ചേക്കുമോ എന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന മറ്റൊരു വിഷയം. അങ്ങനെയാണെങ്കില്‍ വിന്‍ഡീസ് പര്യടനത്തില്‍ രോഹിത് ശര്‍മ ക്യാപ്റ്റന്റെ തൊപ്പിയണിയും. അതേസമയം, ഐ സി സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള രണ്ട് ടെസ്റ്റുകളില്‍ കോലി കളിച്ചേക്കും. സമാനമായ നിലപാടു തന്നെ ജസ്്പ്രീത് ബുംറയുടെ കാര്യത്തിലും സെലക്ഷന്‍ കമ്മിറ്റി സ്വീകരിച്ചേക്കും.

ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ പുറത്താകലിനു വഴിതെളിച്ച മധ്യനിരയെ പുനസ്സംഘടിപ്പിക്കുകയെന്നതും വെല്ലുവിളിയായി എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ പാനല്‍ മുമ്പാകെയുണ്ട്. നാലാം നമ്പറില്‍ ആരെ കളിപ്പിക്കണമെന്നതാണ് പ്രധാന വിഷയം. കര്‍ണാടക താരങ്ങളായ മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ, മുംബൈയുടെ ശ്രേയസ് അയ്യര്‍ എന്നിവരെ മധ്യനിരയിലേക്ക് പരിഗണിക്കുന്നുണ്ട്.

Latest