Connect with us

Editorial

പുനര്‍നിര്‍മാണത്തില്‍ ഒറ്റക്കെട്ട്

Published

|

Last Updated

കേരള പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് പത്ര, ദൃശ്യ മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ച നിര്‍മാണാത്മകവും പ്രതീക്ഷാ നിര്‍ഭരവുമായി. ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം കടന്ന് കേരളത്തിന്റെ ജീവിതം ഒരു വര്‍ഷം പിന്നിടുമ്പോള്‍ എന്തെന്ത് പ്രതിസന്ധികളാണ് നാം നേരിടുന്നതെന്നും എത്രമാത്രം മുന്നോട്ട് പോയിട്ടുണ്ടെന്നും എവിടെയെല്ലാം കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ടെന്നും ചര്‍ച്ചയില്‍ പ്രതിഫലിച്ചു. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് “റീ ബില്‍ഡ് കേരള”യില്‍ കൈകോര്‍ക്കാന്‍ എല്ലാവരും സന്നദ്ധമാകണമെന്ന ആഹ്വാനമാണ് അവിടെ മുഴങ്ങിയത്. സമവായത്തിന്റെയും സഹകരണത്തിന്റെയും വിട്ടുവീഴ്ചയുടെയും സാഹചര്യമൊരുക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കു വഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആ പങ്ക് അത്യന്തം ഗൗരവത്തോടെ നിര്‍വഹിക്കുമെന്ന് എഡിറ്റര്‍മാര്‍ ഉറപ്പ് നല്‍കുകയും ചെയ്തു.

പ്രളയമുണ്ടായ പ്രദേശങ്ങളെ മാത്രമല്ല, കേരളീയ ജീവിതത്തിന്റെ സര്‍വ മേഖലയെയും പ്രതിസന്ധിയിലാക്കിയാണ് ദുരന്തം കടന്നു പോയത്. മതിയായ സാമ്പത്തിക സ്രോതസ്സിന്റെ അഭാവം പുനരധിവാസത്തെ ദുഷ്‌കരമാക്കുകയും ചെയ്തു. ഇനിയൊരു പ്രളയമുണ്ടായാല്‍ അതിജീവനം എളുപ്പമാകുന്ന തരത്തിലായിരിക്കണം പുനര്‍നിര്‍മാണമെന്നതും വെല്ലുവിളിയാണ്. വീട് നഷ്ടപ്പെട്ട പലര്‍ക്കും അതേ സ്ഥലത്ത് വീട് പണിയാന്‍ സാധിക്കാത്ത സ്ഥിതിയുണ്ട്. അവര്‍ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറാന്‍ തയ്യാറാകേണ്ടതാണ്. അതിവര്‍ഷം മൂലമുണ്ടാകുന്ന വെള്ളം ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ നദീ തീരങ്ങളില്‍ നിന്ന് അകലേക്ക് വീടുകള്‍ അടക്കമുള്ള നിര്‍മിതികള്‍ മാറ്റണമെന്നാണ് റൂം ഫോര്‍ റിവര്‍ പോലുള്ള ആഗോള അംഗീകാരം നേടിയ ആശയങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നത്. കേരളത്തില്‍ വിവിധ ഏജന്‍സികള്‍ കഴിഞ്ഞ ഏതാനും മാസമായി നടത്തിയ പഠനങ്ങളും അത് ചൂണ്ടിക്കാട്ടുന്നു. ഇതുപ്രകാരം മാറിത്താമസിക്കാന്‍ ഒന്നുകില്‍ സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കണം. അല്ലെങ്കില്‍ അവരവര്‍ ഭൂമി കണ്ടെത്തണം. അതിനുള്ള സാമ്പത്തിക സഹായം സര്‍ക്കാര്‍ ലഭ്യമാക്കും.

എന്നാല്‍ സ്വന്തം സ്ഥലത്തോടുള്ള വൈകാരിക ബന്ധമടക്കമുള്ള കാരണങ്ങളാല്‍ പലരും മാറിത്താമസിക്കാന്‍ കൂട്ടാക്കുന്നില്ല. കടല്‍ത്തീരങ്ങളിലാണ് ഈ പ്രശ്‌നം രൂക്ഷമായിരിക്കുന്നത്. സ്ഥിരമായി കടലാക്രമണ ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്ന് വീടുകള്‍ മാറിയേ തീരൂ. എന്നാല്‍ കടല്‍ തീരത്തു നിന്ന് വളരെ ദൂരത്തേക്ക് അവരെ മാറ്റാനുമാകില്ല. ഇവിടെയും ആളുകള്‍ കടുംപിടിത്തം നടത്തുന്നുണ്ട്. ഈ വിഷയങ്ങളില്‍ നല്ല നിലയില്‍ ബോധവത്കരണം നടത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി.

ദുരിതാശ്വാസ വിതരണത്തിലെ ചില പ്രശ്‌നങ്ങളും അദ്ദേഹം ചര്‍ച്ചക്ക് വെച്ചു. അപ്പീലുകളുടെ പ്രവാഹമാണ് അവയിലൊന്ന്. തങ്ങള്‍ക്ക് മതിയായ സഹായം കിട്ടിയില്ലെന്ന് കാണിച്ച് രണ്ട് ലക്ഷത്തിലധികം അപ്പീലുകളാണ് ലഭിച്ചത്. പലരും മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുകയാണ്. ഇതില്‍ നിന്ന് യഥാര്‍ഥ അര്‍ഹരെ കണ്ടെത്തി നീതിയുക്തമായി സഹായമെത്തിക്കുകയെന്ന ദൗത്യമാണ് സര്‍ക്കാറിന് മുന്നിലുള്ളത്. ഇക്കാര്യത്തിലും പൗരബോധമുണര്‍ത്താന്‍ മാധ്യമങ്ങള്‍ ശ്രദ്ധ വെക്കേണ്ടതുണ്ട്.
ഏറെ മുന്നോട്ട് പോകാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ലോകത്തിന് തന്നെ മാതൃകയായിരുന്നു.

നാടിന്റെ ഐക്യബോധവും സാംസ്‌കാരിക ഔന്നത്യവും വിളിച്ചോതുന്നതായിരുന്നു അത്. ഇത്ര വലിയ പ്രകൃതി ദുരന്തത്തെ നേരിട്ടിടത്തെല്ലാമുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മുടെ നാട്ടിലുണ്ടായില്ലെന്നത് ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ കാര്യമാണ്. എന്നാല്‍ ആ ഘട്ടം പിന്നിട്ട് പുനര്‍നിര്‍മാണത്തിലേക്ക് പ്രവേശിച്ചപ്പോള്‍, കാരണങ്ങളെന്തുമാകട്ടെ, ഈ ഒത്തൊരുമ നഷ്ടമായി. പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കുറഞ്ഞു. പലയിടത്തു നിന്നും പരാതികള്‍ ഉയര്‍ന്നു. ധനസമാഹരണവും മന്ദഗതിയിലായി. ഇത്തരമൊരു പിന്നോട്ടടിക്ക് ഒരു കാരണം പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നടക്കമുണ്ടായ എതിര്‍ സ്വരങ്ങളാണെന്ന മുഖ്യമന്ത്രിയുടെ വാദത്തില്‍ കഴമ്പുണ്ട്.

ധനസമാഹരണത്തിനായി നടത്തിയ സാലറി ചാലഞ്ചിനെ രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴച്ചതും ആ ആശയത്തെ കോടതി കയറ്റിയതും ശരിയായില്ല. ഒരുമിച്ച് നില്‍ക്കുക അനിവാര്യമായിടത്ത് ശൈഥില്യമുണ്ടാകാന്‍ ഈ സമീപനം കാരണമായി. കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണവും അങ്ങേയറ്റം നിരാശാജനകമായിരുന്നുവല്ലോ.
ഇവിടെ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥ കേന്ദ്രീകൃതമായെന്ന വിമര്‍ശം തന്നെയാണ് മുഖ്യം. പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താനായി സന്നദ്ധ സംഘടനകളുടെയും മത നേതൃത്വമടക്കം സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തികളുടെയും സഹായം തേടാമായിരുന്നു. അതുണ്ടായില്ല. പുനര്‍നിര്‍മാണത്തിന് കല്ലും മണലും പോലുള്ള പരമ്പരാഗത വിഭവങ്ങള്‍ ഉപയോഗിക്കുന്നതിന്റെ പരിമിതി എങ്ങനെ മറികടക്കുമെന്നതിന് വ്യക്തമായ ഉത്തരം വന്നിട്ടില്ല. പദ്ധതി നിര്‍വഹണത്തില്‍ പ്രൊഫഷനലിസം ആര്‍ജിക്കുന്നതില്‍ നാം ഇപ്പോഴും പിറകിലാണ്. സര്‍ക്കാര്‍ കാര്യം മുറപോലെയെന്നതാണ് സ്ഥിതി. റീ ബില്‍ഡ് കേരളയില്‍ ഈ നില മാറിയേ തീരൂ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള, കൂടുതല്‍ സജീവമായ മേല്‍നോട്ടം അനിവാര്യമാണ്. സമയബന്ധിതമായി കാര്യങ്ങള്‍ നടക്കുമെന്ന അദ്ദേഹത്തിന്റെ ഉറപ്പ് പ്രതീക്ഷ പകരുന്നതാണ്.

റീബില്‍ഡ് കേരളാ ഡെവലപ്‌മെന്റ് പ്രോഗ്രാം (ഡി കെ ഡി പി) തയ്യാറാക്കിയിരിക്കുന്നത് വിവിധ മേഖലയിലെ വിദഗ്ധര്‍ നടത്തിയ ആധികാരികമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. ലോക ബേങ്ക്, യു എന്‍ പുനരധിവാസ ഏജന്‍സി തുടങ്ങിയവ രേഖ തയ്യാറാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു. ആവശ്യമായ മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ തയ്യാറുമാണ്. ഇനി നിര്‍വഹണത്തിന്റെ ഘട്ടമാണ്. അവിടെയാണ് കേരളമെന്ന ഏക വികാരമുയരേണ്ടത്. വിവാദങ്ങളൊന്നും ഈ മഹാ ദൗത്യത്തെ ക്ഷീണിപ്പിക്കരുത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പുതിയ പ്രതിസന്ധികളെ കൂടി തരണം ചെയ്യുന്ന നിലയിലാകണം പുനര്‍നിര്‍മാണം. ലോകത്തിനാകെ എക്കാലവും മാതൃകയാക്കാവുന്ന നിലയില്‍ ഈ ദൗത്യനിര്‍വഹണം ഡോക്യുമെന്റ് ചെയ്ത് സൂക്ഷിക്കണം.

Latest