Connect with us

International

കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടയക്കേണ്ടതില്ലെന്ന കോടതി വിധി പാക്കിസ്ഥാന്റെ വിജയം: ഇമ്രാന്‍ ഖാന്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: ചാരവൃത്തി കേസില്‍ വധശിക്ഷ വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടയക്കണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളിയ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിലപാട് പാക്കിസ്ഥാന്റെ വിജയമാണെന്ന് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍. ജാദവിനെ മോചിപ്പിക്കുകയോ ഇന്ത്യയെ തിരികെയേല്‍പ്പിക്കുകയോ ചെയ്യേണ്ടതില്ലെന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. പാക് ജനതക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടയാളാണ് കുല്‍ഭൂഷണ്‍ ജാദവ്. കേസില്‍ നിയമപ്രകാരമുള്ള നടപടികളുമായി പാക്കിസ്ഥാന്‍ മുന്നോട്ടു പോകും.

അതേസമയം, ജാദവിന്റെ വധശിക്ഷ തടഞ്ഞുകൊണ്ടുള്ള അന്താരാഷ്ട്ര കോടതിയുടെ വിധി ഇന്ത്യയുടെ നിര്‍ണായക വിജയമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. പാക്കിസ്ഥാന്‍ സൈനിക കോടതിയുടെ വിധി പുനപ്പരിശോധിക്കണമെന്നും ജാദവിന് നയതന്ത്ര സഹായം നല്‍കാതിരിക്കുന്നത് വിയന്ന കരാറിന്റെ നഗ്നമായ ലംഘനമാണെന്നും ഐ സി ജെ വ്യക്തമാക്കിയിരുന്നു. കേസ് പരിഗണിച്ച് ബഞ്ചിലെ 16 ജഡ്ജിമാരില്‍ 15 പേരും ഇന്ത്യക്ക് അനുകൂലമായാണ് നിലപാടെടുത്തത്. ജഡ്ജിമാരില്‍ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ളവരുണ്ട്.

2016 ഏപ്രില്‍ മൂന്നിന് ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാക്കിസ്ഥാന്‍ പിടികൂടിയത്. ഇറാന്‍ വഴി പാക്കിസ്ഥാനിലേക്ക് കടന്നുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. 2017 ഏപ്രിലില്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാക്കിസ്ഥാനിലെ സൈനിക കോടതി വധശിക്ഷക്ക് വിധിച്ചു. പാക് കോടതി വിധിക്ക് എതിരെ 2017 മെയ് 18ന് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു.

ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും പാകിസ്ഥാനെ അസ്ഥിരപ്പെടുത്താനുള്ള ഭീകരാക്രമണ പദ്ധതികളില്‍ പങ്ക് വഹിച്ചു എന്നെല്ലാമാണ് കുല്‍ഭൂഷണെതിരെ പാക്കിസ്ഥാന്‍ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍.