പ്രളയം ദക്ഷിണേഷ്യയുടെ പല ഭാഗങ്ങളെയും ദുരിതത്തില്‍ മുക്കി; മരിച്ചത് നിരവധി പേര്‍

Posted on: July 18, 2019 10:18 am | Last updated: July 18, 2019 at 1:00 pm

കാഠ്മണ്ഡു: ദക്ഷിണേഷ്യയുടെ പല ഭാഗങ്ങളിലുമുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചത് നിരവധി പേര്‍. പതിനായിരക്കണക്കിനു പേര്‍ക്ക് വാസസ്ഥാനങ്ങള്‍ നഷ്ടപ്പെടുകയും ദശലക്ഷക്കണക്കിനു പേരെ ദുരന്തം ബാധിക്കുകയും ചെയ്തു.

കാലവര്‍ഷക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ച നേപ്പാളില്‍ മാത്രം 88 പേരാണ് മരിച്ചത്. ഇവിടെ മഴ ശമിച്ചിട്ടുണ്ടെങ്കിലും ദുരിതം തുടരുകയാണ്. ഇന്ത്യയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ബിഹാറിലും അസമിലുമായി 29 പേര്‍ മരിച്ചു. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും കനത്ത മഴയും ഇടിമിന്നലും ദുരന്തം വിതച്ചു. പാക്കിസ്ഥാനില്‍ 28ഉം ബംഗ്ലാദേശില്‍ 16ഉം പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ 67 ലക്ഷം പേരെ പ്രളയം പ്രത്യക്ഷത്തില്‍ ബാധിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

അതിര്‍ത്തി പ്രദേശങ്ങളില്‍ 24,71,054 ഏക്കര്‍ കൃഷിസ്ഥലങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വീടുകളും റോഡുകളും തകര്‍ന്നു. കന്നുകാലികളും മറ്റു വളര്‍ത്തു മൃഗങ്ങളും വെള്ളത്തില്‍ ഒഴുകിപ്പോവുകയോ കൊല്ലപ്പെടുകയോ ചെയ്തു. പ്രളയം ബാധിച്ച രാജ്യങ്ങളിലെ ദുരന്ത ബാധിത സ്ഥലങ്ങളില്‍ അകപ്പെട്ടു പോയവരെ രക്ഷിക്കാന്‍ അതതു രാജ്യങ്ങളിലെ ഏജന്‍സികളും ഫെഡറല്‍ ഏജന്‍സികളും ചേര്‍ന്ന്‌ തീവ്ര ശ്രമം നടത്തിവരികയാണ്. നേപ്പാളില്‍ മാത്രമായി പോലീസ്, സൈന്യം, എന്നിവയുള്‍പ്പെടുന്ന 42,000 സുരക്ഷാ പ്രവര്‍ത്തകരെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസത്തിനുമായി വിന്യസിച്ചിട്ടുള്ളത്.