എന്‍ ഐ എ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി

Posted on: July 17, 2019 8:26 pm | Last updated: July 17, 2019 at 11:07 pm

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന എന്‍ ഐ എ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. തിങ്കളാഴ്ച ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ ബില്‍ നടപ്പിലാവും. ഭേദഗതി പ്രകാരം വിദേശങ്ങളില്‍ ഇന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, മനുഷ്യക്കടത്ത് തുടങ്ങിയവ എന്‍ ഐ എക്ക് അന്വേഷിക്കാം.

പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ ലോക്സഭ പാസാക്കിയിരുന്നത്. ഏജന്‍സിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നത് മതാടിസ്ഥാനത്തിലും മറ്റും സര്‍ക്കാര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന വാദമുയര്‍ത്തിയാണ് പ്രതിപക്ഷം രംഗത്തു വന്നത്. രാഷ്ട്രീയ വിരോധം തീര്‍ക്കുന്നതിനു വേണ്ടി ദേശീയ അന്വേഷണ ഏജന്‍സിയെ സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്ക പ്രകടിപ്പിച്ചു.