കോഴിയിറച്ചിയും കോഴിമുട്ടയും സസ്യാഹാരമായി പ്രഖ്യാപിക്കണം; വിചിത്ര ആവശ്യവുമായി ശിവസേനാ എം പി

Posted on: July 17, 2019 7:51 pm | Last updated: July 17, 2019 at 7:51 pm

ന്യൂഡല്‍ഹി: കോഴിയിറച്ചിയും കോഴിമുട്ടയും സസ്യാഹാരമായി പ്രഖ്യാപിക്കണമെന്ന വിചിത്ര ആവശ്യവുമായി ശിവസേനാ നേതാവും രാജ്യസഭാ എം പിയുമായ സഞ്ജയ് റാവത്ത്. ഇക്കാര്യത്തില്‍ ആയുര്‍വേദം, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപതി ഉള്‍പ്പടെയുള്ള വിഭാഗങ്ങളുടെ ചുമതലയുള്ള ആയുഷ് മന്ത്രാലയം നിലപാട് വ്യക്തമാക്കണമെന്ന് എം പി ആവശ്യപ്പെട്ടു. ആയുര്‍വേദത്തിന്റെ ഗുണഗണങ്ങള്‍ നിരത്തി സഭയില്‍ സംസാരിക്കവെയാണ് മറ്റു സഭാംഗങ്ങളെ അമ്പരപ്പിച്ച ആവശ്യം സഞ്ജയ് റാവത്ത് മുന്നോട്ടു വച്ചത്.

കോഴിയുത്പന്നങ്ങള്‍ സസ്യവിഭാഗത്തില്‍ പെടുന്നതാണെന്ന് സമര്‍ഥിക്കുന്നതിന് സ്വന്തം അനുഭവവും അദ്ദേഹം വിശദീകരിച്ചു. ‘ഒരിക്കല്‍ ഞാന്‍ നന്ദുര്‍ബര്‍ മേഖലയിലെ ഒരു കുഗ്രാമം സന്ദര്‍ശിക്കുകയുണ്ടായി. ആദിവാസി വിഭാഗത്തിലെ ഒരു വീട്ടില്‍ നിന്നാണ് ഭക്ഷണം കഴിച്ചത്. അവര്‍ വിളമ്പിയ ഭക്ഷണം എന്താണെന്നു ചോദിച്ചപ്പോള്‍ ആയുര്‍വേദ ചിക്കന്‍ എന്നായിരുന്നു മറുപടി. ആയുര്‍വേദ രീതികള്‍ പ്രകാരം വളര്‍ത്തിയ കോഴി കൊണ്ടാണ് ഭക്ഷണമുണ്ടാക്കിയതെന്നും ഇതു കഴിച്ചാല്‍ എല്ലാ അസുഖങ്ങളും ഭേദപ്പെടുമെന്നും അവര്‍ പറഞ്ഞു.’

എം പിയുടെ വിചിത്ര ആവശ്യം സാമൂഹിക മാധ്യമങ്ങള്‍ ആഘോഷിച്ചു. വന്‍ പരിഹാസ ശരങ്ങളാണ് പരാമര്‍ശവുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. കോഴിയിറച്ചി മാത്രമല്ല, ബീഫും ആട്ടിറച്ചിയുമെല്ലാം ആയുര്‍വേദ രീതികള്‍ പ്രകാരം ഉത്പാദിപ്പിക്കാവുന്നതാണെന്നും അവയെയും സസ്യഭക്ഷണമായി പ്രഖ്യാപിക്കണമെന്നും പ്രതികരണങ്ങളുണ്ടായി.