ദുബൈ വിമാനത്താവളം ടെര്‍മിനല്‍ രണ്ടില്‍ സൗരോര്‍ജ വൈദ്യുത പദ്ധതി

Posted on: July 17, 2019 6:10 pm | Last updated: July 17, 2019 at 6:10 pm

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകുന്നു. വര്‍ഷം 33 ലക്ഷം ദിര്‍ഹം വൈദ്യുതി ഉപയോഗത്തില്‍ ലാഭിക്കാവുന്ന വിധത്തില്‍ 15,000 സോളാര്‍ പാനലുകള്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ രണ്ടില്‍ സ്ഥാപിച്ചാണ് കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകുന്നത്. ദുബൈ ഇലെക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ)യുടെ സഹ സ്ഥാപനമായ ഇത്തിഹാദ് എനര്‍ജി സര്‍വീസ് കമ്പനി (എസ്‌കോ), ദുബൈ എയര്‍പോര്‍ട്ട്‌സ് എന്നിവ സംയുകതമായാണ് ഫോട്ടോവോള്‍ടൈക് പാനലുകള്‍ ടെര്‍മിനല്‍ രണ്ടില്‍ സ്ഥാപിച്ചത്.

വിമാനത്താവള ആവശ്യങ്ങള്‍ക്കായുപയോഗിക്കുന്ന മേഖലയിലെ ഏറ്റവും വലിയ സൗരോര്‍ജ വൈദ്യുത പദ്ധതിയാണിത്. അഞ്ച് മെഗാവാട്ട് ശേഷിയുള്ള പദ്ധതിക്ക് 7,483,500 കിലോ വാട്ട് മണിക്കൂറില്‍ ഉത്പാദിപ്പിക്കാന്‍ കഴിവുള്ളതാണ്. ഇതോടെ ടെര്‍മിനലിലെ 29 ശതമാനം വൈദ്യുതി ഉപയോഗം കുറക്കാന്‍ കഴിയും. വര്‍ഷത്തില്‍ 3,243 മെട്രിക് ടണ്‍ കാര്‍ബണ്‍ പ്രസരണം ഇതിലൂടെ കുറക്കാന്‍ കഴിയുമെന്നതാണ് പദ്ധതിയുടെ സവിശേഷത. 10 വര്‍ഷം കൊണ്ട് 53,617 മരങ്ങള്‍ വലിച്ചെടുക്കുന്ന കാര്‍ബണിന്റെ അളവിന് തുല്യമാകുമിത്.
ദുബൈ എമിറേറ്റില്‍ പുനഃരുപയുക്ത ഊര്‍ജ സംരംഭങ്ങളിലൂടെ പരിസ്ഥിതി സൗഹൃദ സമ്പദ്ഘടന ഒരുക്കിയെടുക്കുകയെന്ന ദിവയുടെ സ്വപ്‌ന പദ്ധതിയായ ശംസ് ദുബൈയുടെ ഭാഗമായാണ് വിമാനത്താവള ടെര്‍മിനലില്‍ സോളാര്‍ പാനലുകള്‍ ഒരുക്കിയത്.

ഏഴ് വര്‍ഷത്തേക്ക് എസ്‌കോ കമ്പനിക്കാണ് പദ്ധതിയുടെ പരിപാലന ചുമതല. 2030ഓടെ ദുബൈ നഗരത്തിന്റെ മൊത്തം വൈദ്യുതി ഊര്‍ജ ഉപയോഗത്തില്‍ 30 ശതമാനം ഹരിതോര്‍ജമാക്കി മാറ്റിയെടുക്കുന്നതിലൂടെ കാര്‍ബണ്‍ പ്രസരണം കുറക്കുകയെന്ന ലക്ഷ്യത്തിന് കരുത്ത് പകരുന്നതിനായി ദുബൈ വിമാനത്താവളം മികച്ച രീതിയിലുള്ള ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് ദുബൈ എയര്‍പോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മിഖായേല്‍ ഇബ്ബിസ്റ്റണ്‍ പറഞ്ഞു.