മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഈദ് അറസ്റ്റില്‍

Posted on: July 17, 2019 1:15 pm | Last updated: July 17, 2019 at 6:59 pm

ന്യൂഡല്‍ഹി: ഭീകരാക്രമണത്തിലെ  മുഖ്യ സൂത്രധാരന്‍ ജമാ അത് ഉദ്‌വ തലവനുമായ ഹാഫിസ് സഈദ് പാക്കിസ്ഥാനില്‍ അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്. സഈദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടുവെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബ് പോലീസിലെ തീവ്രവാദ വിരുദ്ധ വിഭാഗമാണ് സഈദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗുജറാന്‍വാലയിലേക്ക് പോകുവഴി ലാഹോറില്‍ വെച്ചാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്.അതേ സമയം സഈദിനെതിരെ എന്ത് കുറ്റം ചുമത്തിയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല. സഈദിനെതിരെ പാക്കിസ്ഥാനില്‍ 23 തീവ്രവാദ കേസുകള്‍ നിലവിലുണ്ട്. 2017ല്‍ തീവ്രവാദി വിരുദ്ധ നിയമപ്രകാരം സഈദിനെ പാക്ക് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് 11 മാസക്കാലത്തെ തടവിന് ശേഷം ഇദ്ദേഹത്തെ കോടതി വിട്ടയക്കുകയായിരുന്നു.

തനിക്കെതിരായ പോലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സഈദ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യക്കുള്ള വ്യോമപാത നിരോധനം നീക്കയതിനു പിറകെയാണ് പാക് നടപടി. വഷളായ അമേരിക്കയുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അമേരിക്കയിലേക്ക് പോകാനിരിക്കെക്കൂടിയാണ് സഈദിനെ അറസ്റ്റ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കാത്തതിന് പാക്കിസ്ഥാന് മേല്‍ കടുത്ത സാമ്പത്തിക സമ്മര്‍ദം നിലനില്‍ക്കുന്നുണ്ട്.