ലണ്ടൻ: ഐ സി സി ലോകകപ്പിലെ തന്റെ സ്വപ്‌ന ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ന്യൂസിലാൻഡിനെ മുന്നിൽ നിന്ന് പടനയിച്ച കെയ്്ൻ വില്യംസൺ നയിക്കുന്ന ടീമിൽ അഞ്ച് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചു. ടൂർണമെന്റിൽ അഞ്ച് സെഞ്ച്വറികൾ കുറിച്ച ഓപണർ രോഹിത് ശർമ, ക്യാപ്റ്റൻ വിരാട് കോലി, ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, പേസർ ജസ്പ്രീത് ബുമ്‌റ എന്നിവരാണ് അവർ.
വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ എം എസ് ധോണി ടീമിൽ ഇടം കണ്ടില്ല. ബാറ്റിംഗിൽ മെല്ലപ്പോക്കിന്റെ പേരിൽ ടൂർണമെന്റിനിടെ സച്ചിൻ ധോണിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
രോഹിത് ശർമയും ഇംഗ്ലണ്ടിന്റെ ജോണി ബെയർസ്‌റ്റോയുമാണ് ഓപണർ. വിക്കറ്റ് കീപ്പറും ബെയര്‍സ്റ്റോ തന്നെ. വില്യംസൺ മൂന്നാമനായും കോലി നാലാം നമ്പറിലും ഇറങ്ങും. ആൾറൗണ്ടർമാരായി ഷാകിബൽ ഹസൻ, ബെൻ സ്‌റ്റോക്‌സ്, പാണ്ഡ്യ, ജഡേജ എന്നിവരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകകപ്പിൽ രണ്ട് മത്സരം മാത്രം കളിച്ച ജഡേജ സച്ചിന്റെ ടീമിൽ ഇടംപിടിച്ചത് ശ്രദ്ധേയമായി.
മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസർമാരും ടീമിലുണ്ട്. ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്, ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചർ, ബുമ്റ എന്നിവർ. നേരത്തെ, ഐ സി സി ലോകകപ്പ് ഇലവനിൽ ഇന്ത്യൻ ടീമിൽ നിന്ന് രോഹിത് ശർമയും ജസ്പ്രീത് ബുമ്റയും മാത്രമാണ് ഇടം പിടിച്ചത്.
സച്ചിന്റെ ലോകകപ്പ് ഇലവൻ: രോഹിത് ശർമ, ജോണി ബെയർസ്‌റ്റോ, കെയ്ൻ വില്ല്യംസൺ (ക്യാപ്റ്റൻ), വിരാട് കോലി, ഷാക്കിബൽ ഹസൻ, ബെൻ സ്‌റ്റോക്‌സ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മിച്ചെൽ സ്റ്റാർക്ക്, ജോഫ്ര ആർച്ചർ, ജസ്പ്രീത് ബുമ്‌റ.