ഒമ്പത് സര്‍വീസുകള്‍ കൂടി ബാക്കി; കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് 20ന് സമാപിക്കും

Posted on: July 17, 2019 11:08 am | Last updated: July 17, 2019 at 2:40 pm

കരിപ്പൂർ: ഈ മാസം ആറിന് ആരംഭിച്ച കരിപ്പൂർ ഹജ്ജ് ക്യാമ്പ് 20ന് സമാപിക്കും. നാല് ദിനങ്ങളിലായി ഒന്പത് സർവീസുകൾ കൂടിയാണ് ബാക്കിയുള്ളത്. ഇന്ന് രണ്ട് വിമാനങ്ങളും 18 ന് ഒരു വിമാനവും 19ന് രണ്ടും 20ന് നാലും വിമാനങ്ങൾ സർവീസ് നടത്തും.

ഇന്നലെ കരിപ്പൂരിൽ നിന്ന് മൂന്ന് വിമാനങ്ങളിലായി 430 പുരുഷന്മാരും 470 സ്ത്രീകളും പുറപ്പെട്ടു. ഇതോടെ 28 വിമാനങ്ങളിലായി കരിപ്പൂർ എംബാർക്കേഷൻ പോയിന്റ് വഴി മദീനയിൽ എത്തിയവരുടെ എണ്ണം 8,375 ആയി. ഇതിൽ 3197 പുരുഷന്മാരും 5,178 സ്ത്രീകളുമാണുള്ളത്. കൂടാതെ 14 കുട്ടികളും യാത്രായായി.

യാത്രയയപ്പ് സംഗമത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി. ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്‌ബോധനം നടത്തി. മഗ്‌രിബ് നിസ്‌കാര ശേഷം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, തിരൂർ എം എൽ എ സി. മമ്മുട്ടി അബ്ദു ലത്വീഫ് സഅദി പഴശ്ശി, ചിയ്യൂർ മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയവർ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു യാത്രാമംഗളങ്ങൾ നേർന്നു.