Connect with us

Gulf

ശൈഖ് മുഹമ്മദ്@70: സ്‌നേഹജനങ്ങളുടെ ആശംസാപ്രവാഹം

Published

|

Last Updated

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഇന്നലെ 70-ാം ജന്മദിനം ആഘോഷിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശൈഖ് മുഹമ്മദിന് ആശംസാപ്രവാഹമായിരുന്നു. യു എ ഇ ബ്രിട്ടീഷ് അധീനതയിലായിരുന്ന കാലത്ത് ജൂലൈ 15നാണ് ശൈഖ് മുഹമ്മദ് ജനിച്ചത്. ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂമിന് ശൈഖ ലത്തീഫ ബിന്‍ത് ഹംദാന്‍ അല്‍ നഹ്‌യാനില്‍ പിറന്ന മകന്‍. ശിന്ദഗയിലെ വീട്ടിലായിരുന്നു ജനനം.

കുഞ്ഞുന്നാളിലെ ശൈഖ് മുഹമ്മദ് പ്രതിഭാത്വം പ്രകടിപ്പിച്ചു. നാലാം വയസില്‍ അറബിയും ഇസ്ലാമിക കാര്യങ്ങളും പഠിച്ചു. ആറാം വയസില്‍ ഔപചാരിക വിദ്യാഭ്യാസം തുടങ്ങി. പതിനൊന്നാം വയസില്‍ കേംബ്രിഡ്ജില്‍ ഇംഗ്ലീഷ് പഠനത്തിന് യാത്രയായി. ആഴ്ചയില്‍ രണ്ട് പൗണ്ട് ചെലവ് ചെയ്താണ് ജീവിച്ചത്. പിന്നീട് ആല്‍ഡര്‍ഷോട്ടില്‍ സൈനിക സ്‌കൂളില്‍. അവിടെ പഠനത്തില്‍ ഒന്നാമനായിരുന്നു. പൈലറ്റ് ആകാന്‍ ഇറ്റലിയിലേക്ക് പോകാന്‍ അനുമതി ലഭിച്ചു. പിതാവ് ശൈഖ് റാശിദ് ഇതിനിടയില്‍ ദുബൈ ഭരണാധികാരിയാവുകയും ദുബൈ എന്ന ആധുനിക നഗരത്തിന് ബീജാവാപം ചെയ്യുകയുമുണ്ടായി.

1968ല്‍ ശൈഖ് റാശിദ്, ദുബൈ പോലീസ് ആന്റ് പബ്ലിക് സെക്യൂരിറ്റി വിഭാഗം തലവനായി നിയമിച്ചതോടെയാണ് ശൈഖ് മുഹമ്മദിന്റെ അധികാരാരോഹണം. ശൈഖ് മുഹമ്മദിന്റെ ആദ്യ ഔദ്യോഗിക പദവിയായിരുന്നു അത്. പിന്നീട് പ്രതിരോധ മന്ത്രിയായി. അന്ന് ലോകത്ത് ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രിയായിരുന്നു.

1995 ജനുവരി മൂന്നിന് അന്നത്തെ ദുബൈ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ റാശിദ് അല്‍ മക്തൂം, ശൈഖ് മുഹമ്മദിനെ ദുബൈ കിരീടാവകാശിയായി നിയമിച്ചു. 2006ല്‍ ശൈഖ് മക്തൂമിന്റെ വിയോഗത്തോടെ ദുബൈ ഭരണാധികാരിയായി. 1968ല്‍ ദുബൈ പോലീസ് മേധാവിയായി തുടങ്ങിയ ഔദ്യോഗിക സേവനത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ കഴിഞ്ഞ വര്‍ഷം ഖിസ്സത്തീ (എന്റെ കഥ) എന്ന പേരില്‍ അനുഭവങ്ങള്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കി.

1968ല്‍ യു എ ഇ രൂപവത്കരണത്തിന് അന്നത്തെ അബുദാബി ഭരണാധികാരി ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനും ശൈഖ് റാശിദും ദുബൈക്കും അബുദാബിക്കുമിടയില്‍ മരുഭൂമിയില്‍ കൂടിക്കാഴ്ച നടത്തുമ്പോള്‍ ശൈഖ് മുഹമ്മദ് സന്നിഹിതനായിരുന്നു. അന്ന്, ശൈഖ് മുഹമ്മദിന് 19 വയസ്. 1971ല്‍ യു എ ഇ രൂപവത്കൃതമായി. ശൈഖ് മുഹമ്മദ് പ്രതിരോധ മന്ത്രി. യു എ ഇ പ്രതിരോധസേനക്ക് ശൈഖ് മുഹമ്മദ് രൂപം നല്‍കി. 2006ല്‍, പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മക്തൂം നിര്യാതനായപ്പോള്‍ ഉത്തരവാദിത്തങ്ങള്‍ എല്ലാം ശൈഖ് മുഹമ്മദില്‍ എത്തിച്ചേര്‍ന്നു.

ഇരുന്നൂറിലധികം രാജ്യങ്ങളിലെ പൗരന്മാര്‍ ജീവിക്കുന്ന ആഗോള നഗരമായി ദുബൈയെ മാറ്റിയെടുത്ത ഭരണാധികാരിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന് നന്ദി പ്രകടിപ്പിക്കുകയാണ് ദുബൈയിലെ സ്വദേശികളും പ്രവാസികളും. ശൈഖ് മുഹമ്മദിന്റെ ദീര്‍ഘവീക്ഷണവും പഴുതുകളില്ലാത്ത ആസൂത്രണവുമാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ നിര്‍ണായക ശക്തിയായി യു എ ഇയെത്തന്നെ വളര്‍ത്തിയെടുത്തത്.

1949 ജൂലൈ 15ന് ഷിന്ദഗയിലെ അല്‍ മക്തൂം കുടുംബത്തിലാണ് ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ നാല് ആണ്‍മക്കളില്‍ മൂന്നാമനായി ശൈഖ് ജനിച്ചത്. ശൈഖ് മക്തൂം, ശൈഖ് ഹംദാന്‍, ശൈഖ് അഹ്മദ് എന്നിവരായിരുന്നു സഹോദരങ്ങള്‍. അബുദാബി മുന്‍ ഭരണാധികാരി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ബിന്‍ ഖലീഫ അല്‍ നഹ്‌യാന്റെ മകള്‍ ശൈഖ ലതീഫ ബിന്‍ത് ഹംദാന്‍ അല്‍ നഹ്‌യാനാണ് ശൈഖ് മുഹമ്മദിന്റെ മാതാവ്. അന്നത്തെ ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് സഈദില്‍ നിന്നാണ് ഭരണ നിര്‍വഹണത്തിന്റെ ആദ്യ പാഠങ്ങള്‍ അദ്ദേഹം പഠിച്ചത്.

Latest