മതവിദ്വേഷം പ്രചരിപ്പിച്ചു; ഖുര്‍ആന്‍ വിതരണം ചെയ്യാന്‍ ശിക്ഷ വിധിച്ച് കോടതി

Posted on: July 16, 2019 9:27 pm | Last updated: July 17, 2019 at 11:26 am

റാഞ്ചി: മതവിദ്വേഷം പ്രചരിപ്പിച്ചതിന് അറസ്റ്റിലായ 19കാരിക്ക് റാഞ്ചി കോടതി നല്‍കിയ വ്യത്യസ്തമായ ശിക്ഷാ വിധി. അഞ്ച് ഖുര്‍ആന്‍ വിതരണം ചെയ്യാനാണ് കോടതി പ്രതിയോട് നിര്‍ദേശിച്ചത്. ഒരെണ്ണം അന്‍ജുമാന്‍ ഇസ്ലാമിയ കമ്മിറ്റിക്കും ബാക്കി നാലെണ്ണം വിവിധ സ്‌കൂള്‍ ലൈബ്രറികള്‍ക്കും നല്‍കാനാണ് നിര്‍ദേശം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ റിച്ച ഭാരതി എന്ന വിദ്യാര്‍ഥിയോടാണ് കോടതി ഖുര്‍ആന്‍ വാങ്ങി വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചത്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മനീഷ് കുമാറാണ് വിധി പുറപ്പെടുവിച്ചത്.

ശനിയാഴ്ചയാണ് സോഷ്യല്‍മീഡിയയിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചതിന് റിച്ചയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ സന്ദേശങ്ങള്‍ മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും പൊലീസ് കണ്ടെത്തി. റിച്ചയുടെ അറസ്റ്റിനെതിരെ ഹൈന്ദവ സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഇരു മതവിഭാഗങ്ങളിലെയും നേതാക്കള്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് റിച്ചക്ക് കോടതി ജാമ്യം നല്‍കിയത്.

കോടതി വിധി 15 ദിവസത്തിനുള്ളില്‍ നടപ്പാക്കാമെന്ന് റിച്ചയുടെ അഭിഭാഷകന്‍ റാം പ്രവേഷ് ഉറപ്പു നല്‍കി. അതേസമയം, കോടതി വിധിക്കെതിരെ ഹിന്ദു സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.B