പത്ത് ലക്ഷം രൂപക്ക് ഇലക്ട്രിക് കാര്‍ പദ്ധതിയുമായി ഹ്യുണ്ടായി

Posted on: July 16, 2019 6:23 pm | Last updated: July 16, 2019 at 6:23 pm

ന്യൂഡല്‍ഹി: ഡീസല്‍, പെട്രോള്‍ വാഹനങ്ങളുടെ കാലം കഴിഞ്ഞുവരികയാണ്. ഇപ്പോള്‍ എല്ലാ കമ്പനികളുടെയും ശ്രദ്ധ ഇലക്‌ട്രോണിക് വകഭേദത്തിലാണ്. അന്തരീക്ഷ മലിനീകരണം തടയുകയെന്ന ലക്ഷ്യത്തോടെ ഇലക്‌ട്രോണിക് കാറുകള്‍ക്ക് നികുതിയിളവ് ഉള്‍പ്പെടെ സര്‍ക്കാര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത് ഈ രംഗത്തിന് ശക്തിപകര്‍ന്നിട്ടുണ്ട്.

ഇലക്‌ട്രോണിക് കാര്‍ വിപണിയിലേക്ക് ഹ്യുണ്ടായി അടുത്തിടെ അവതരിപ്പിച്ച സൂപ്പര്‍ കാറാണ് ഹ്യുണ്ടായി കൊന. ഒറ്റത്തവണ റീച്ചാര്‍ജ് ചെയ്താല്‍ 452 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്ന ഈ കാറിന് വിശേഷങ്ങള്‍ ഏറെയുണ്ട്. പക്ഷേ കാറിന്റെ വില ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറം. 25.30 ലക്ഷം രൂപയാണ് കൊനയുടെ ഇലക്ട്രിക് വകഭേദത്തിന് വിലയിട്ടത്. ഇത് പല കാര്‍ പ്രേമികളെയും നിരാശരാക്കിയിരുന്നു. ഈ പ്രതിസന്ധി മറികടക്കാനുള്ള പ്രയത്‌നത്തിലാണ് കമ്പനി ഇപ്പോള്‍.

പത്ത് ലക്ഷം രൂപക്ക് ഇലക്ട്രിക് കാര്‍ വിപണയിലെത്തിക്കാനാണ് ഹ്യുണ്ടായിയുടെ അടുത്ത ശ്രമം. ഇതിനായി 2000 കോടി രൂപയുടെ പദ്ധതി കമ്പനി പ്രഖ്യാപിച്ചുകഴിഞ്ഞു. ഹ്യുണ്ടായിയുടെ ചെന്നൈ ഫാക്ടറിയില്‍ കാര്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. തികച്ചും വ്യത്യസ്തമായ ഒരു കാറാണ് ഹ്യുണ്ടായി നിര്‍മിക്കുകയന്നെ് ഹ്യുണ്ടായി ഇന്ത്യ എംഡി എസ് എസ് കിം പറഞ്ഞു. കൊന എസ് യു വി വിഭാഗത്തില്‍പെട്ടതാണെങ്കില്‍ പുതിയ ഇലക്ട്രിക് കാര്‍ മിനി എസ് യു വിഭാഗത്തിലാകും അവതരിപ്പിക്കുക. മിഡിലീസ്റ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ കൂടി പാകത്തിലാകും പുതിയ കാര്‍ വിപണിയിലെത്തിക്കുക.